ന്യൂഡൽഹി: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ ഒന്നാമത്. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനം അഞ്ചു വിക്കറ്റിന് ജയിച്ചതിനു പിന്നാലെയാണ് ഇന്ത്യ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്.
ഇതോടെ ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം റാങ്കിങ്ങിൽ ഇന്ത്യയായി. ദക്ഷിണാഫ്രിക്കക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീം മാത്രമാണ് ഇന്ത്യ. 2014ലാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തുന്നത്. നേരത്തെ, ട്വന്‍റി20യിലും ടെസ്റ്റിലും ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയായിരുന്നു.
116 റേറ്റിങ്ങുമായാണ് ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം നമ്പറിലെത്തിയത്. 115 റേറ്റിങ്ങുള്ള പാകിസ്താൻ രണ്ടാം സ്ഥാനത്തേക്ക് പോയി. 111 പോയന്‍റുമായി ആസ്ട്രേലിയയാണ് മൂന്നാമത്. രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഒന്നാം റാങ്കിങ്ങിൽ എത്താനായത് ടീമിന് വലിയ ആത്മവിശ്വാസം നൽകും.
ട്വന്‍റി20യിൽ 264 റേറ്റിങ്ങും ടെസ്റ്റിൽ 11 റേറ്റിങ്ങുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ഓസീസിനെതിരായി ആദ്യ മത്സരവും ഇന്ത്യ ആധികാരികമായി സ്വന്തമാക്കിയത്. സൂപ്പർ ബാറ്റർമാരില്ലാതെ കളിക്കാനിറങ്ങിയിട്ടും ഇന്ത്യയുടെ നാലു താരങ്ങൾ അർധ സെഞ്ച്വറി നേടി.
ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അഭിനന്ദിച്ചു. ലോകകപ്പിന് തൊട്ടുമുമ്പുള്ള മികച്ച നേട്ടമാണിതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.