മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാംദിനത്തിൽ ഇന്ത്യ ഒന്നാമിന്നിങ്സിൽ 445 എന്ന ഭേദപ്പെട്ട സ്കോറിൽ എല്ലാവരും പുറത്തായി. ഇന്നലെ 326ന് അഞ്ച് എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യക്ക് ഇന്ന് 119 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു.
ആദ്യ ദിനം 110 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ രണ്ട് റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ പുറത്തായി (112). നാല് റൺസെടുത്ത കുൽദീപ് യാദവാണ് ഇന്ന് ആദ്യം പുറത്തായത്. ഏഴാമനായി ജഡേജയും 37 റൺസെടുത്ത അശ്വിൻ എട്ടാമനായും പുറത്തായി. പൊരുതി നിന്ന ധ്രുവ് ജുറെൽ (46), ജസ്പ്രീത് ബുംറ (26) എന്നിവർ പുറത്തായതോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 445ൽ അവസാനിക്കുകയായിരുന്നു. മുഹമ്മദ് സിറാജ് മൂന്ന് റൺസെടുത്ത് പുറത്താകാതെ നിന്നു. ആദ്യ ദിനം ക്യാപ്റ്റൻ രോഹിത് ശർമയും (131), അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനും (62) മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇംഗ്ലണ്ടിനായി മാർക്ക് വുഡ് നാല് വിക്കറ്റ് വീഴ്ത്തി. റെഹാൻ അഹമ്മദ് രണ്ടും ജെയിംസ് ആൻഡേഴ്സൻ, ടോം ഹാർട്ലി, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഒമ്പത് ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ്. ബെൻ ഡക്കറ്റ് (41), സാക് ക്രോളി (ഏഴ്) എന്നിവരാണ് ക്രീസിലുള്ളത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമും ഓരോ മത്സരം വിജയിച്ചുനിൽക്കുകയാണ്. അവസാന മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര ജേതാക്കളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.