ഹൈദരാബാദ്: ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. രവീന്ദ്ര ജദേജയുടെയും ആർ. അശ്വിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് സന്ദർശകരുടെ ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്.
അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടി. 88 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 70 റണ്‍സെടുത്ത നായകൻ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ജോണി ബെയർസ്റ്റോ 58 പന്തിൽ 37 റൺസെടുത്തു. ഓപ്പണർമാരായ സാക് ക്രൗളിയും ബെന്‍ ഡക്കറ്റും
ഭേദപ്പെട്ട തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 55 റൺസെടുത്തു. സ്പിന്നർമാർ എത്തിയതോടെ ഇംഗ്ലണ്ട് ബാറ്റർമാർ പതറുന്നതാണ് കണ്ടത്.
39 പന്തിൽ 35 റണ്‍സെടുത്ത ഡക്കറ്റിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി അശ്വിനാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ ഒലി പോപ്പിനെ (ഒന്ന്) ജദേജ മടക്കി. സ്ലിപ്പിൽ രോഹിത് ശർമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ ക്രൗളിയും (40 പന്തിൽ 20) അശ്വിന് മുന്നില്‍ വീണു. അഞ്ചു റൺസ് കൂട്ടിചേർക്കുന്നതിനിടെയാണ് ഈ രണ്ടു വിക്കറ്റുകളും നഷ്ടമായത്.
നാലാം വിക്കറ്റില്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും ഒന്നിച്ചതോടെയാണ് ഇംഗ്ലണ്ട് സ്കോർ 100 കടന്നത്. 61 റൺസാണ് ഇരുവരും ചേർത്തത്. 37 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയുടെ അക്സർ പട്ടേല്‍ ക്ലീൻ ബൗൾഡാക്കി. പിന്നാലെ റൂട്ടിനെ (60 പന്തിൽ 29) ജദേജ പുറത്താക്കി. നിലയുറപ്പിക്കും മുമ്പേ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്ക്‌സിനെയും (24 പന്തിൽ നാല്) അക്സർ മടക്കി. ആറിന് 137 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ 200 കടത്തിയത് സ്റ്റോക്സിന്‍റെ ഇന്നിങ്സാണ്.
റെഹാന്‍ അഹമ്മദ് (13), ടോം ഹാർട്ലി (23), മാര്‍ക്ക് വുഡ് (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. റണ്ണൊന്നും എടുക്കാതെ ജാക് ലീഷ് പുറത്താകാതെ നിന്നു. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 23 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ നൂറിലെത്തിച്ചത്. 70 പന്തിൽ 76 റൺസുമായി താരം ക്രീസിലുണ്ട്. മൂന്നു സിക്സും ഒമ്പതു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറി നേടിയത്. 43 പന്തിൽ 14 റൺസുമായി ശുഭ്മൻ ഗില്ലാണ് ക്രീസിലുള്ള മറ്റൊരു ബാറ്റർ.
നായകൻ രോഹിത്തിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 27 പന്തിൽ 24 റൺസെടുത്ത രോഹിത് ലീഷിന്‍റെ പന്തിൽ സ്റ്റോക്സിന് ക്യാച്ച് നൽകിയാണ് പുറത്തായത്. 127 റൺസിന് പുറകിലാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.