ഗില്ലിന് സെഞ്ച്വറിത്തിളക്കം; അർധ സെഞ്ച്വറി പിന്നിട്ട് കോഹ്‍ലി- അഹമ്മദാബാദിൽ ഇന്ത്യ തിരിച്ചടിക്കുന്നു

അഹമ്മദാബാദ് പിച്ചിൽ കുറ്റൻ സ്കോറുമായി സമ്മർദം ഉയർത്തിയ സന്ദർശകർക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ ബാറ്റർമാർ. ശുഭ്മാൻ ഗിൽ സെഞ്ച്വറിയടിച്ച് ആവേശമായ കളിയിൽ വിരാട് കോഹ്‍ലി അർധ സെഞ്ച്വറി പിന്നിട്ട് ബാറ്റിങ് തുടരുകയാണ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും ആസ്ട്രേലിയക്ക് 191 റൺസ് ലീഡുണ്ട്. കോഹ്‍ലി 128 പന്തിൽ 59 റൺസെടുത്തും കരുതലോടെ കളിച്ച് രവീന്ദ്ര ജഡേജ 54 പന്തിൽ 16 റൺസെടുത്തും ബാറ്റിങ് തുടരുകയാണ്.

ബോർഡർ- ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റിൽ കളി ജയിച്ച കരുത്തുമായി അവസാന അങ്കത്തിനിറങ്ങിയ ആസ്ട്രേലിയ ഉസ്മാൻ ഖ്വാജ, കാമറൺ ഗ്രീൻ എന്നിവരുടെ സെഞ്ച്വറി മികവിൽ 480 റൺസ് എന്ന കിടിലൻ ടോട്ടൽ ഉയർത്തിയിരുന്നു. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇന്ത്യയും അ​തേ മികവിലാണ് മറുപടി ബാറ്റിങ് തുടരുന്നത്. വിക്കറ്റ് പോകാതെ 36 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യൻ നിരയിൽ ശുഭ്മാൻ ഗിൽ തകർത്തടിച്ച് 194 പന്തിൽ 100 കടന്നു. 28 ഓവറിൽ 100 തികച്ച ഇന്ത്യൻ ഇന്നിങ്സിൽ ആദ്യം വീണത് രോഹിതിന്റെ വിക്കറ്റ്. 35 റൺസെടുത്ത രോഹിതിനെ ലബൂഷെയിനിന്റെ കൈകളിലെത്തിച്ച് കുനെമാൻ ആണ് വിക്കറ്റ് എടുത്തത്. 42 അടിച്ച ചേതേശ്വർ പൂജാരയെ ടോഡ് മർഫി മടക്കി. 128ൽ നിൽക്കെ ശുഭ്മാൻ ഗിൽ നഥാൻ ലിയോണിന്റെ പന്തിൽ ഗിൽ എൽ.ബി.ഡബ്ല്യു ആയി. ടെസ്റ്റിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണ്. ഏകദിനത്തിൽ നേരത്തെ ഇരട്ട സെഞ്ച്വറിയും തൊട്ടുപിറകെ സെഞ്ച്വറിയും നേടിയ താരം രാഹുലിന്റെ പകരക്കാരനായാണ് ടെസ്റ്റിൽ ഓപൺ ചെയ്യാൻ എത്തുന്നത്.

പിന്നാലെ മനോഹര ബാറ്റിങ്ങുമായി ഒത്തുചേർന്ന കോഹ്‍ലി- ജഡേജ കൂട്ടുകെട്ട് ഓസീസ് ബൗളിങ്ങിനെ കരുതലോടെ നേരിട്ട് ഇന്ത്യൻ ഇന്നിങ്സിൽ കാര്യമായ അപകടങ്ങളി​ല്ലാതെ നിലനിർത്തി.

ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ പന്തെറിയാൻ എത്തിയ മിച്ചൽ സ്റ്റാർകും കാമറൺ ഗ്രീനും കാര്യമായ ചലനം സൃഷ്ടിക്കാനാവാതെ ഉഴറിയപ്പോൾ നഥാൻ ലിയോൺ, മാത്യു കുനെമൻ, ടോഡ് മർഫി എന്നിവർ ഓരോ വിക്കറ്റെടുത്തു. രണ്ടു ദിവസം നിലനിൽ​ക്കെ രണ്ടു ടീമും കരുതലോടെയാകും കളി നയിക്കുക.

ഈ കളി ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത എളുപ്പമാണ്. അതേ സമയം, സമനിലയോ തോൽവിയോ വഴങ്ങിയാൽ ശ്രീലങ്ക- ന്യൂസിലൻഡ് പരമ്പരയെ ആശ്രയിക്കേണ്ടിവരും. 

Tags:    
News Summary - IND vs AUS Highlights, 4th Test Day 3: Gill's 128, Kohli's 59 takes India to 289/3 at Stumps, Australia left frustrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.