'ഇന്ത്യയുടെ തോൽവി ആർക്കും തടയാനാവില്ല': പ്രവചനം എട്ട് നിലയിൽ പൊട്ടി, 'ഐ.ഐ.ടി ബാബ'ക്ക് ട്രോൾ പൂരം

ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന മത്സരമായിരുന്നു ഇന്നലെ ദുബൈയിൽ നടന്ന ഇന്ത്യ-പാക് മത്സരം. മത്സരത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ ഇന്ത്യ ആധികാരിക ജയം നേടുകയും ചെയ്തു. പാകിസ്താൻ ഉയർത്തിയ 242 എന്ന ലക്ഷ്യം 45 പന്തുകളും ആറ് വിക്കറ്റും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിത്തിളക്കത്തിലാണ് ഇന്ത്യൻ ജയം. പുറത്താകാതെ 100 റൺസെടുത്ത കോഹ്ലിയുടെ മികവിന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ്. അതേസമയം, പാളിപ്പോയ പ്രവചനത്തിന് വൻ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഈയിടെ വൈറലായ 'ഐ.ഐ.ടി ബാബ'. പാകിസ്താനെതിരെ ഇന്ത്യ തോൽക്കുമെന്നായിരുന്നു 'ഐ.ഐ.ടി ബാബ'യുടെ പ്രവചനം.

അഭയ് സിങ് എന്നയാളാണ് മഹാകുംഭമേളക്കെത്തി 'ഐ.ഐ.ടി ബാബ' എന്ന പേരിൽ വൈറലായത്. ബോംബെ ഐ.ഐ.ടിയിലെ മുന്‍ വിദ്യാർഥിയാണ് താനെന്നും കാനഡയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ആത്മീയതയിലേക്കെത്തുന്നതെന്നും അഭയ് സിങ് വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് 'ഐ.ഐ.ടി ബാബ' എന്ന പേരിൽ വിളിക്കപ്പെട്ടത്.

ഇന്ത്യ ഇത്തവണ തോൽക്കുമെന്നായിരുന്നു മത്സരത്തിന് മുമ്പ് 'ഐ.ഐ.ടി ബാബ'യുടെ പ്രവചനം. 'ഞാൻ നിങ്ങളോട് മുൻകൂട്ടി പറയാം. ഇത്തവണ ഇന്ത്യ ജയിക്കില്ല. വിരാട് കോഹ്ലിയായാലും മറ്റാരാണെങ്കിലും അവരോട് പറയൂ, ഇന്നത്തെ മത്സരം ജയിച്ചുകാണിക്കാൻ. അവർക്ക് ജയിക്കാൻ ക‍ഴിയില്ല. ഇന്ത്യയുടെ തോൽവി തടയാൻ ആർക്കും കഴിയില്ല' എന്നായിരുന്നു 'ഐ.ഐ.ടി ബാബ' പ്രവചിച്ചത്. ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു സംസാരം.

എന്നാൽ, മത്സരത്തിൽ ഇന്ത്യ വൻ വിജയം നേടിയതോടെ 'ഐ.ഐ.ടി ബാബ'യെ തിരയുകയാണ് ആരാധകർ. ഇയാളുടെ ചിത്രം സഹിതമുള്ള ട്രോളുകൾ നിറയുകയാണ് സമൂഹമാധ്യമങ്ങളിൽ. ഒറിജിനൽ ബാബ അല്ലെന്നും വ്യാജ ബാബയാണെന്നും മറ്റുമാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്. 

Tags:    
News Summary - IIT Baba Receives Online Hate As India Thrash Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.