‘ഞാനൊരു പരാജിതനായ ക്യാപ്റ്റനായി മുദ്രകുത്തപ്പെട്ടു’; വെളിപ്പെടുത്തലുമായി സൂപ്പർതാരം വിരാട് കോഹ്ലി

ഐ.സി.സി ടൂർണമെന്റ് കിരീടങ്ങൾ നേടാത്തതിന്‍റെ പേരിൽ താൻ നേരിട്ട വിമർശനങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ സൂപ്പർ ബാറ്ററും മുൻ നായകനുമായ വിരാട് കോഹ്ലി. ഒരു വിഭാഗം ആരാധകരും വിദഗ്ധരും തന്നെ പരാജയപ്പെട്ട ക്യാപ്റ്റനായാണ് വിലയിരുത്തുന്നതെന്ന് കോഹ്ലി പറയുന്നു.

വിവിധ ഐ.സി.സി ചാമ്പ്യൻഷിപ്പുകളിൽ ടീമിനെ നോക്കൗട്ട് സ്റ്റേജിലെത്തിച്ചിട്ടും കിരീടം നേടാത്തതാണ് വലിയ ചർച്ചയായത്. അതേസമയം, ഇന്ത്യൻ ടീമിന്റെ ശൈലിയിൽ കാതലായ മാറ്റം കൊണ്ടുവരാൻ ക്യാപ്റ്റനെന്ന നിലയിൽ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോഹ്ലി, ഇക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

‘നോക്കൂ, ജയിക്കാനാണ് നമ്മൾ ടൂർണമെന്റുകൾ കളിക്കുന്നത്. 2017 ചാമ്പ്യൻഷ് ട്രോഫിയിലും 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ട്വന്റി20 ലോകകപ്പിലും ഞാനാണ് ടീമിനെ നയിച്ചത്. നാല് ഐ.സി.സി ടൂർണമെന്റുകൾക്കുശേഷം ഞാൻ പരാജിതനായ ക്യാപ്റ്റനെന്ന് മുദ്ര കുത്തപ്പെട്ടു’ –ആർ.സി.ബിയുടെ പോഡ്കാസ്റ്റിൽ കോഹ്ലി പറഞ്ഞു.

അതേസമയം, ടീമിന്റെ ശൈലിയിൽ കാര്യമായ മാറ്റം വരുത്താൻ സാധിച്ചത് വളരെ അഭിമാനത്തോടെയാണ് കാണുന്നത്. ഒരു ടൂർണമെന്റ് ഒരു നിശ്ചിത കാലയളവിലേക്കാണ് സംഭവിക്കുന്നത്, എന്നാൽ പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ ഒരു നീണ്ട കാലയളവ് ആവശ്യമാണ്. അതിനായി ഒരു ടൂർണമെന്റ് വിജയിക്കുന്നതിനേക്കാൾ കൂടുതൽ ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻഷ് ട്രോഫിയും നേടിയ ടീമിൽ കോഹ്ലി ഉണ്ടായിരുന്നെങ്കിലും നായകൻ എം.എസ്. ധോണിയായിരുന്നു. ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ ഒരു ലോകകപ്പ് നേടി. ഒരു കളിക്കാരനെന്ന നിലയിൽ ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. അഞ്ച് ടെസ്റ്റ് പരമ്പരകൾ നേടിയ ടീമിന്റെ ഭാഗമാണ് ഞാൻ. അങ്ങനെ നോക്കിയാൽ ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ താരങ്ങളുണ്ടെന്നു കാണാനാകുമെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

Tags:    
News Summary - I Was Considered A Failed Captain": Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.