ലണ്ടൻ: തോൽവി ഉറപ്പിച്ച കളിയിൽ ഇനി അത്ഭുതങ്ങളൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഗ്യാലറിയിലും സ്ക്രീനിന് മുന്നിലും ഇരിക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ ആരാധകർ ഒരുപോലെ വിശ്വസിച്ചിരിക്കുന്ന സമയത്താണ് മുഹമ്മദ് സിറാജ് 86ാം ഓവർ എറിയാൻ വരുന്നത്.
ഒറ്റ കൈയുമായി നോൺ സ്ട്രൈക്കർ എൻഡിലുള്ള ക്രിസ് വോക്സിന് സ്ട്രൈക്ക് കൈമാറാതെ കളി ജയിപ്പിക്കാമെന്നുറപ്പിച്ച ഗസ് അറ്റ് കിൻസന്റെ കണക്ക് കൂട്ടൽ തെറ്റിച്ച് സിറാജിന്റെ ഒന്നാന്തരം യോർക്കർ എത്തി. അറ്റ്കിൻസന്റെ ഓഫ് സ്റ്റംപും കൈവിട്ട ഇന്ത്യയുടെ പരമ്പരയും അടിച്ചുകൊണ്ടാണ് ആ പന്ത് പാഞ്ഞത്. ആറ് റൺസിന്റെ നാടകീയ ജയത്തോടെ പരമ്പര 2-2ന് സമനിലയാകുകയും ചെയ്തു.
ടെസ്റ്റിന്റെ നാലാം ദിനം ജയം ഇന്ത്യയുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള സുവർണാവസരം പാഴാക്കിയതിനുള്ള സിറാജിന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു അത്. സെഞ്ച്വറി അടിച്ച ഹാരി ബ്രൂക്കിന്റെ ക്യാച്ച് 19 റൺസിൽ സിറാജ് പാഴാക്കിയപ്പോൾ പഴിച്ചവരെല്ലാരും മത്സരാനന്തരം പ്രകീർത്തിക്കുന്നതാണ് കണ്ടത്. മത്സര ശേഷം മുഹമ്മദ് സിറാജ് പറഞ്ഞ വാക്കുകളിൽ താരത്തിന്റെ ആത്മവിശ്വാസം പ്രകടമായിരുന്നു.
'ഞാൻ രാവിലെ ഉണർന്ന് എന്‍റെ ഫോണിൽ ഗൂഗ്ൾ നോക്കി. ഒരു ‘ബിലീവ്’ ഇമോജിയെടുത്ത് (അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയായിരുന്നു, പിന്നീട് അദ്ദേഹം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി) വാൾപേപ്പറാക്കി. രാജ്യത്തിനുവേണ്ടി ഞാൻ അത് ചെയ്യുമെന്ന് സ്വയം പറഞ്ഞു'- എന്നാണ് സിറാജ് പറഞ്ഞത്.
കഴിഞ്ഞ ദിവസം ബ്രൂക്ക് വീണത് മത്സരം തിരിഞ്ഞ നിമിഷമായിരുന്നുവെന്ന് എനിക്ക് തോന്നി. അദ്ദേഹത്തിന്‍റെ അക്രണോത്സുകത അപാരമായിരുന്നു. ആ വിക്കറ്റ് വീണില്ലായിരുന്നുവെങ്കിൽ ഇന്ന് ജയത്തേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. ലോഡ്സിലെ തോൽവി ഹൃദയഭേദകമായിരുന്നു. എന്‍റെ മികച്ച പ്രകടനം പുറത്തെടുക്കാനും പിതാവിനു വേണ്ടി അതു ചെയ്യണമെന്നുമാണ് ജഡ്ഡു ഭായ് പറഞ്ഞത്” -മത്സരശേഷം സിറാജ് പറഞ്ഞു.
ഈ പരമ്പരയിലെ തന്നെ ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ കൈയിൽ നിന്ന് ജയം പിടിച്ചുകൊണ്ടുപോകുമ്പോൾ നിസഹായനായി ക്രീസിൽ നിന്ന സിറാജിനെ ആരും മറന്നു കാണില്ല. സിറാജിന്റെ വിക്കറ്റ് അപ്രതീക്ഷിതമായി വീണതോടെയാണ് ഇംഗ്ലണ്ട് ജയിക്കുന്നത്. ലോഡ്സിലെ തോൽവിക്കുള്ള പ്രതികാരം കൂടിയായിരുന്നു ഓവലിലെ ജയം. ബൗളിങ്ങിലും ഫീൽഡിലും വരുത്തിയ എല്ലാ പിഴവിനും പരിഹാരം ചെയ്താണ് ഇന്ന് കളിയിലെ താരമായ സിറാജ് ഗ്രൗണ്ട് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.