ദുബൈ: ക്രിക്കറ്റ് ലോകം വലിയ ആവേശത്തോടെയാണ് ഇന്ത്യ-പാകിസ്താൻ മത്സരത്തെ കാണുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇരുരാജ്യങ്ങളുടെയും അവേശപോരിൽ ഇത്തവണ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കൈയിൽ കെട്ടിയ വാച്ചും ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി.
റിച്ചഡ് മിൽ എന്ന കമ്പനിയുടെ ടൂർബില്യൻ റാഫേൽ നദാൽ സ്കെൽട്ടൻ ഡയൽ ലിമിറ്റഡ് എഡിഷൻ വാച്ചാണ് ഹാർദിക് കൈയിൽ കെട്ടിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഒന്നര കോടിയാണ് വാച്ചിന്‍റെ വിലയെങ്കിലും ലിമിറ്റഡ് എഡിഷനായതിനാൽ രണ്ടര കോടിയിലധികം മൂല്യം വരും. ഈ എഡിഷനിൽ 50 വാച്ചുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയത്.
പോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ തുടങ്ങിയവർ ഈ വാച്ച് ഉപയോഗിക്കുന്നുണ്ട്. ഹോളിവുഡ് താരങ്ങളായ മാർഗറ്റ് റോബി, ഫാറൽ വില്യംസ് തുടങ്ങിയവരും ഈ വാച്ച് ധരിച്ചിരുന്നു. മത്സരത്തിൽ പാകിസ്താൻ ബാറ്റർമാരുടെ വിക്കറ്റെടുത്തതിനു പിന്നാലെ നടത്തിയ ആഘോഷത്തിനിടെയാണ് താരത്തിന്‍റെ വാച്ച് ആരാധകരുടെ ശ്രദ്ധയിൽപെടുന്നത്. മത്സരത്തിൽ നിർണായകമായ ബാബർ അസമിന്‍റെയും സൗദ് ഷക്കീലിന്‍റെയും വിക്കറ്റെടുത്തത് ഹർദിക്കായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ താരം 200 വിക്കറ്റുകൾ പൂർത്തിയാക്കി. ട്വന്‍റി20യിൽ 94 വിക്കറ്റുകളും ഏകദിനത്തിൽ 89 വിക്കറ്റുകളും ടെസ്റ്റിൽ 17 വിക്കറ്റുകളുമാണ് താരം ഇതുവരെ സ്വന്തമാക്കിയത്.
ബാബർ അസമിനെ പുറത്താക്കി ഹർദിക് പാണ്ഡ്യ നടത്തിയ വിക്കറ്റ് ആഘോഷവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാണ്ഡ്യ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്ത് ബാബർ ബൗണ്ടറി കടത്തി. രണ്ടാം പന്തിലാണ് വിക്കറ്റ്. ഒരു ഗുഡ് ലെങ്ത് ബാളിൽ കവർ ഡ്രൈവ് ഷോട്ടിന് ശ്രമിച്ച ബാബറിന്‍റെ ബാറ്റിന്‍റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി പന്ത് നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലേക്ക്. പിന്നാലെ പാണ്ഡ്യ നടത്തിയ വിക്കറ്റ് ആഘോഷമാണ് വൈറലായത്.
‘ടാറ്റാ’ നൽകി ബാബറിനെ യാത്ര അയക്കുന്നതുപോലെ ഒരു കൈകൊണ്ട് ആക്ഷൻ കാണിച്ച പാണ്ഡ്യ, പിന്നാലെ രണ്ടു കൈയും ഉപയോഗിച്ച് ‘പോകൂ’ എന്ന അർഥത്തിലും ആക്ഷൻ കാട്ടി. ഇതിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.