ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ പാണ്ഡ്യ ഉണ്ടാകില്ല! മുംബൈ ഇന്ത്യൻസിനെ നയിക്കാൻ രോഹിത്?

ഐ.പി.എൽ 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക്ക് പാണ്ഡ്യ കളിച്ചേക്കില്ല. മാർച്ച് 23ന് ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരം. കഴിഞ്ഞ ദിവസമാണ് ഐ.പി.എൽ 18ാം പതിപ്പിന്‍റെ ഷെഡ്യൂൾ ബി.സി.സി.ഐ പുറത്തുവിട്ടത്. മാർച്ച് 22ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. 

കഴിഞ്ഞ സീസണിലെ മുംബൈ ഇന്ത്യൻസിന്‍റെ അവസാന മത്സരത്തിന് ശേഷം ഹർദിക്ക് പാണ്ഡ്യക്ക് ഒരു മത്സരത്തിൽ നിന്നും വിലക്കും 30 ലക്ഷം രൂപ പിഴയും ഏർപ്പെടുത്തിയിരുന്നു. ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരെയുള്ള മത്സരത്തിലെ സ്ലോ ഓവർ റേറ്റ് കാരണമാണ് അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അത് സീസണിലെ അവസാന മത്സരം ആയത് കാരണം അടുത്ത സീസണിലെ ടീമിന്‍റെ ആദ്യ മത്സരത്തിൽ താരത്തിന് വിലക്ക് നൽകുമെന്നാണ് റിപ്പോർട്ട്.

ഹർദിക്കിന്‍റെ അഭാവത്തിൽ ടീമിനെ മുൻ രോഹിത് ശർമ തന്നെ നയിക്കുമോ എന്നാണ് നിലവിൽ നടക്കുന്ന ചർച്ചകൾ. അഞ്ച് തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ ക്യാപ്റ്റൻ ആകുമോ അതോ ഇന്ത്യൻ ട്വന്‍റി-20 ടീമിലെ നിലവിലെ നായകനായ സൂര്യകുമാർ യാദവ് ന‍യിക്കുമോ എന്ന് കണ്ടറിയണം. രോഹിത് ശർമ തന്നെ നയിച്ചേക്കുമെന്നാണ് നിലവിൽ നടക്കുന്ന ചർച്ചകളിൽ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നുത്.

കഴിഞ്ഞ സീസണിലാണ് രോഹിത് ശർമയെ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റി ഹർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നേതൃത്വം ഏൽപ്പിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെ ഒരു കിരീടത്തിലേക്ക് ഹർദിക്ക് നയിച്ചിട്ടുണ്ട്. ലീഗിലെ 14 മത്സരത്തിൽ നിന്നും 10 എണ്ണവും തോറ്റു അവസാന സ്ഥാനത്താണ് മുംബൈ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. ഈ മെഗാലേലത്തിൽ മികച്ച ടീമിനെ തന്നെ വിളിച്ചെടുത്ത മുംബൈ പ്രതാപ കാലം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരിക്കും ഈ വർഷം ഇറങ്ങുക.

Tags:    
News Summary - Hardik Pandya May not be Available in first match of Ipl 2025, and rohit sharma might captain Mumbai Indians in place of him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.