വിരാട് കോഹ്‌ലി

‘കോഹ്‌ലി അങ്കിൾ..ഞാൻ ഹിനായയാണ്, നിങ്ങളെന്തിനാണ് ഇപ്പഴേ വിരമിച്ചത്?’, ഹർഭജന്റെ മകളുടെ ചോദ്യത്തിന് വിരാട് നൽകിയ മറുപടി ഇതാണ്...

ഇംഗ്ലണ്ട് പര്യടനം വരാനിരിക്കെ ഈമാസം 12ന് അപ്രതീക്ഷിതമായാണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി സൂപ്പർ താരം വിരാട് കോഹ്‌ലി ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിനത്തിൽ തുടരുമെന്ന് കോഹ്‌ലി അറിയിച്ചെങ്കിലും ലോങ് ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കം അൽപം നേരത്തെ ആയിപ്പോയെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ടെസ്റ്റിലെ 10,000 റൺസെന്ന നാഴികക്കല്ല് താണ്ടാൻ 770 റൺസ് കൂടി മതിയെന്നിരിക്കെയാണ് താരം വെള്ളക്കുപ്പായം ഉപേക്ഷിച്ചത്.

കോഹ്‌ലിയുടെ വിരമിക്കലിനോട് ആരാധകർ വികാരഭരിതമായാണ് പ്രതികരിച്ചത്. മുൻതാരം ഹർഭജൻ സിങ്ങിന്‍റെ മകൾ ഹിനായയും വിരമിക്കൽ തീരുമാനത്തെ കുറിച്ച് കോഹ്‌ലിയോട് ‘വിശദീകരണം’ തേടിയിരുന്നു. ഹൃദയഹാരിയായ സംഭവം അടുത്തിടെ നടന്ന അഭിമുഖത്തിനിടെ ഹർഭജൻ തന്നെയാണ് വെളിപ്പെടുത്തിയത്. മകളുടെ ചോദ്യത്തിന് കോഹ്‌ലി മറുപടി നൽകിയെന്നും ഹർഭജൻ പറഞ്ഞു.

“കോഹ്‌ലി എന്തുകൊണ്ട് വിരമിച്ചുവെന്ന കാര്യം എനിക്ക് മനസ്സിലാകുന്നില്ല. എന്‍റെ മകളും ഇക്കാര്യം ചോദിച്ചു; ‘പപ്പാ, എന്തിനാണ് കോഹ്‌ലി അങ്കിൾ വിരമിച്ചത്? എനിക്ക് അദ്ദേഹത്തിന് മെസേജ് അയക്കണം’. എന്നിട്ടവൾ വിരാടിന് മെസേജച്ചു: ‘കോഹ്‌ലി അങ്കിൾ..ഞാൻ ഹിനായയാണ്, നിങ്ങളെന്തിനാണ് ഇപ്പഴേ വിരമിച്ചത്?’. കോഹ്‌ലി അതിന് മറുപടിയായി ചിരിയോടെ, ‘മോളേ, ഇതാണ് ശരിയായ സമയം’ എന്ന മറുപടിയാണ് നൽകിയത്” -ഹർഭജൻ പറഞ്ഞു.

അതേസമയം ഇന്ത്യക്കായി 123 ടെസ്റ്റിൽ പാഡണിഞ്ഞ കോഹ്‌ലി, 46.85 ശരാശരിയിൽ 9,230 റൺസാണ് നേടിയത്. 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും നേടിയ താരത്തിന്‍റെ ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 254 റൺസാണ്. 2024ലെ ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ടി20 ഫോർമാറ്റിൽനിന്നും താരം വിരമിച്ചിരുന്നു. സീനിയർ താരമായ രോഹിത് ശർമക്കൊപ്പം ഏകദിനത്തിൽ തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Harbhajan Singh reveals daughter's conversation with Virat Kohli after his Test Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.