മുംബൈ: എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് സൂപ്പർതാരം വിരാട് കോഹ്ലി. ഇന്ത്യയുടേത് ഗംഭീര വിജയമാണെന്നും നിർഭയം ഇംഗ്ലണ്ടിനെ ചുമരിൽ തേച്ചൊട്ടിച്ചെന്നും കോഹ്ലി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 336 റൺസിന്റെ റെക്കോഡ് ജയമാണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ മൈതാനത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ സന്ദർശകർ 1-1ന് ഒപ്പമെത്തി. ‘എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ ഗംഭീര ജയം. നിർഭയം ഇംഗ്ലണ്ടിനെ ചുമരിൽ തേച്ചൊട്ടിച്ചു. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ശുഭ്മൻ ഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു, എല്ലാവരുടെ പ്രകടനവും മികച്ചനിന്നു. ഈ പിച്ചിൽ നന്നായി പന്തെറിഞ്ഞ മുഹമ്മദ് സിറാജിനും ആകാശ് ദീപിനും പ്രത്യേകം അഭിനന്ദനം’ -കോഹ്ലി കുറിച്ചു.
രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ് ദീപാണ് ജയം എളുപ്പമാക്കിയത്. ഒന്നാം ഇന്നിങ്സിൽ ആകാശ് നാല് വിക്കറ്റും കൈക്കലാക്കിയിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകവും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയ ക്യാപ്റ്റൻ ഗില്ലാണ് (269, 161) പ്ലെയർ ഓഫ് ദ മാച്ച്. ഗിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഇന്ത്യയുടെ ആദ്യ ജയം കൂടിയാണ്.
ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റടക്കം രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റുകളാണ് സിറാജ് നേടിയത്. കഴിഞ്ഞദിവസം ഗില്ലിനെ അഭിനന്ദിച്ച് കോഹ്ലി പ്രത്യേകം കുറിപ്പ് പങ്കുവെച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഒന്നാം ഇന്നിങ്സിൽ ഗിൽ സ്വന്തമാക്കിയത്. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്ലി പുറത്താകാതെ നേടിയ 254 റൺസെന്ന റെക്കോർഡാണു ഗിൽ പഴങ്കഥയാക്കിയത്. മൂന്നാം ടെസ്റ്റ് ജൂലൈ 10ന് ലോർഡ്സിൽ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.