‘ടീം ഇന്ത്യ നേടണമെന്ന് ആഗ്രഹിക്കുന്ന രണ്ടു കിരീടങ്ങളുണ്ട്’; രോഹിത് ശർമയോട് പ്രത്യേക അഭ്യർഥനയുമായി സുനിൽ ഗവാസ്കർ

രോഹിത് ശർമയും സംഘവും ഈ വർഷം ഇന്ത്യയുടെ ഐ.സി.സി ടൂർണമെന്‍റ് കിരീട വരൾച്ച അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. 2022ൽ വിരാട് കോഹ്ലിയുടെ പിൻഗാമിയായി ഇന്ത്യൻ നായക പദവി ഏറ്റെടുത്ത രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇത്തവണയും ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തി.

ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയുടെ വിജയം ആധികാരികമായിരുന്നു. തുടർച്ചയായ നാലാം തവണയാണ് ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തുന്നത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതയും ഇന്ത്യ സജീവമാക്കി. ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രോഹിത്തും സംഘവും കിരീടം ഉയർത്തണമെന്ന അതിയായ ആഗ്രഹത്തിലാണ് ഗവാസ്കർ. കൂടാതെ, ഈ വർഷം രാജ്യം വേദിയാകുന്ന ഏകദിന ലോകകപ്പിലും ടീം ഇന്ത്യ കിരീടം ചൂടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

‘ഒരു ചാമ്പ്യനെ അഭിനന്ദിക്കുന്നത് കാണുമ്പോൾ, നിങ്ങളും അതിലൊരാളാകാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അത്‌ലറ്റുകൾ അവരുടെ വ്യക്തിഗത മികവ് മെച്ചപ്പെടുത്തുമ്പോൾ, എല്ലാം ശരിയായ പാതയിലാണെന്ന് നിങ്ങൾക്കറിയാം. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന രണ്ട് കിരീടങ്ങളുണ്ട് -ഒന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും മറ്റൊന്ന് ഏകദിന ലോകകപ്പും. ഇവ രണ്ടിനും ഇടയിൽ ഏഷ്യാ കപ്പും നടക്കുന്നുണ്ട്. അതും ഇന്ത്യയിലേക്ക് തിരിച്ചുവന്നാൽ, അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല’ -ഗവാസ്കർ സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞു.

വനിത ട്വന്‍റി20 ലോകകപ്പ് സെമിയിൽ ആസ്ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ഹർമൻപ്രീത് കൗറിനും സംഘത്തിനും ഗവാസ്കർ വിജയാശംസകളും നേർന്നു.

Tags:    
News Summary - Gavaskar's special request for Rohit Sharma and Co.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.