വൈഭവ് സൂര്യവംശിയെ തഴഞ്ഞത് അത്ഭുതകരം; ഇംഗ്ലണ്ടിനെതിരെ കളിക്കപ്പിക്കണമെന്ന് സുനിൽ ഗാവസ്കർ

ന്യൂഡൽഹി : അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നൽകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ഇതിഹാസ താരം സുനിൽ ഗാവസ്കർ. രാജ്യാന്തര ക്രിക്കറ്റിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സൂര്യവംശിക്ക് പാകതയുണ്ടെന്നും, വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് ഗാവസ്കറുടെ പ്രതികരണം.

"അയർലൻഡിനെതിരായ പരമ്പരയിൽ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ഇംഗ്ലണ്ടിനെപ്പോലുള്ള വലിയ ടീമുകൾക്കെതിരായ പരീക്ഷണങ്ങൾക്ക് മുൻപ്, താരത്തെ രാജ്യാന്തര ക്രിക്കറ്റിലേക്ക് പതുക്കെ വളർത്തിക്കൊണ്ടുവരാൻ ഇതൊരു മികച്ച അവസരമായിരുന്നു," ഗാവസ്കർ പറഞ്ഞു.

അഭിഷേക് ശർമക്കോ സഞ്ജു സാംസണോ ഒപ്പം വൈഭവിനെ ഓപ്പണറായി ഇറക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.പി.എൽ 2026 സീസണിലെ മികച്ച പ്രകടനത്തിലൂടെ ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ താരത്തെ അധികകാലം മാറ്റിനിർത്താൻ കഴിയില്ലെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടായി മാറിയ പരമ്പരയിൽ 0-2 എന്ന തോൽവിയാണ് ശ്രേയസ് അയ്യർ നയിക്കുന്ന ടീം ഏറ്റുവാങ്ങിയത്. രണ്ടാം ടി20യിൽ വെറും ഒരു റണ്ണിനായിരുന്നു ഇന്ത്യയുടെ പരാജയം. അയർലൻഡിന്റെ ചരിത്രത്തിലെ ആദ്യ പരമ്പര വിജയമാണിത്. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ സിക്സറടിച്ചെങ്കിലും പ്രിൻസ് യാദവിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. വൈസ് ക്യാപ്റ്റൻ തിലക് വർമ (55) ഇന്ത്യയ്ക്കായി തിളങ്ങി. അയർലൻഡിന് വേണ്ടി ജയ് മുന്ദ്രയും മാറ്റ് ഹോളാർഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

Tags:    
News Summary - Gavaskar Questions Sooryavanshi’s Omission, Urges Selection for England Series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.