ഡൽഹിക്ക് ഫ്രേസർ ഷോ, നടുവൊടിച്ച് നടരാജൻ; ഹൈദരാബാദിന് വമ്പൻ ജയം

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിനെയും കീഴടക്കി രണ്ടാം സ്ഥാനത്തേക്ക് സൺറൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പ്. 267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്കായി ആസ്ട്രേലിയക്കാരനായ യുവതാരം ജേക് ഫ്രേസർ മക്ഗർക് അതിവേഗ അർധസെഞ്ച്വറിയുമായി അതിശയിപ്പിച്ചെങ്കിലും ഡൽഹിയുടെ പോരാട്ടം 19.1 ഓവറിൽ 199 റൺസിൽ ഒടുങ്ങുകയായിരുന്നു. 67 റൺസിനായിരുന്നു ഹൈദരാബാദിന്റെ ജയം. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ടി. നടരാജനാണ് ഡൽഹിയുടെ നടുവൊടിച്ചത്.

വൻ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഡൽഹിക്കായി വാഷിങ്ടൺ സുന്ദർ എറിഞ്ഞ ആദ്യ നാല് പന്തും ഫോറടിച്ചാണ് പൃഥ്വി ഷാ തുടങ്ങിയത്. എന്നാൽ, അഞ്ചാം പന്തിൽ അബ്ദുൽ സമദിന് പിടികൊടുത്ത് താരം മടങ്ങി. ഭുവനേശ്വർ കുമാർ എറിഞ്ഞ രണ്ടാം ഓവറിൽ മൂന്ന് പന്തിൽ ഒരു റൺസ് മാത്രമെടുത്ത് ഡേവിഡ് വാർണറും മടങ്ങിയതോടെ ഡൽഹി പ്രതിസന്ധിയിലായി. എന്നാൽ, വാഷിങ്ടൺ സുന്ദർ എറിഞ്ഞ മൂന്നാം ഓവറിൽ ജേക് ഫ്രേസർ അടിച്ചെടുത്തത് 30 റൺസാണ്. മൂന്ന് സിക്സും അത്രയും ഫോറുമാണ് ഇതിൽ പിറന്നത്.

അടുത്ത ഓവറിൽ ഭുവനേശ്വർ ആറ് റൺസ് മാത്രമാണ് വഴങ്ങിയതെങ്കിൽ അഞ്ചാം ഓവർ എറിയാനെത്തിയ പാറ്റ് കമ്മിൻസിനും കിട്ടി 20 റൺസ്. ഇതോടെ അഞ്ചോവറിൽ രണ്ടിന് 81 റൺസെന്ന നിലയിലായി. എന്നാൽ, വെറും 15 പന്തിൽ അർധസെഞ്ച്വറി കടന്ന ഫ്രേസർ ട്രാവിസ് ഹെഡ് ഇതേ കളിയിൽ കുറിച്ച അതിവേഗ അർധസെഞ്ച്വറിയെ മറികടന്നു. മായങ്ക് മാർക്കണ്ഡെ എറിഞ്ഞ ഏഴാം ഓവറിൽ തുടർച്ചയായി മൂന്ന് സിക്സടിച്ച 22കാരന് അവസാന പന്തിൽ പിഴച്ചപ്പോൾ ഉയർന്നുപൊങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ഹെന്റിച്ച് ക്ലാസന്റെ ഗ്ലൗസിലൊതുങ്ങി. 18 പന്തിൽ ഏഴ് പടുകൂറ്റൻ സിക്സറു​കളും അഞ്ച് ഫോറുമടക്കം 65 റൺസാണ് താരം അടിച്ചുകൂട്ടിയത്.

22 പന്തിൽ 42 റൺസടിച്ച അഭിഷേക് പൊറേലിനെ മാർക്കണ്ഡെയുടെ പന്തിൽ ക്ലാസൻ സ്റ്റമ്പ് ചെയ്തതോടെ സ്കോർ നാലിന് 135 എന്ന നിലയിലായി. തുടർന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്സും (10), ലളിത് യാദവും (7) അക്സർ പട്ടേലും (6), ആന്റിച്ച് നോർജെയും (0) പൊരുതാതെ കീഴടങ്ങി. തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ക്യാപ്റ്റൻ ഋഷബ് പന്ത് 35 ബാളിൽ 44 റൺസെടുത്ത് പത്താമനായി മടങ്ങിയതോടെ ഡൽഹിയുടെ പോരാട്ടവും അവസാനിച്ചു. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡെ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ട് വീതവും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

റണ്ണൊഴുക്ക് തുടർന്ന് ഹൈദരാബാദ്

ഐ.പി.എൽ ചരിത്രത്തിലെ റൺ റെക്കോഡ് ഈ സീസണിൽ രണ്ടുതവണ തിരുത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് റണ്ണൊഴുക്ക് തുടർന്നതോടെ ഡൽഹി ക്യാപിറ്റൽസിന് മുന്നിൽ 267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഒരുങ്ങിയത്. തകർപ്പൻ അർധസെഞ്ച്വറികളുമായി കളംവാണ ട്രാവിസ് ഹെഡും ഷഹ്ബാസ് അഹ്മദും കൂറ്റനടികളിലൂടെ ഉശിരൻ തുടക്കമിട്ട അഭിഷേക് ശർമയും ചേർന്ന് ഡൽഹി ബൗളർമാരെ ആഞ്ഞുപ്രഹരിച്ചതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റൺസിലെത്തിയത്.

ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ട്രാവിസ് ഹെഡും സഹ ഓപണർ അഭിഷേക് ശർമയും ചേർന്ന് സ്വപ്നതുടക്കമാണ് സന്ദർശകർക്ക് നൽകിയത്. 16 പന്തിൽ അർധസെഞ്ച്വറി കടന്ന ​ഹെഡും അഭിഷേകും ചേർന്ന് വെറും 6.2 ഓവറിൽ അടിച്ചുകൂട്ടിയത് 131 റൺസാണ്. 12 പന്തിൽ ആറ് സിക്സും രണ്ട് ഫോറുമടക്കം 46 റൺസെടുത്ത അഭിഷേകിനെ കുൽദീപ് യാദവിന്റെ പന്തിൽ അക്സർ പട്ടേൽ പിടികൂടിയതോടെയാണ് സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്ത കൂട്ടുകെട്ട് പൊളിഞ്ഞത്.

സ്കോർ ബോർഡിൽ രണ്ട് റൺസ് കൂടി ചേർത്തപ്പോഴേക്കും എയ്ഡൻ മർക്രാം മടങ്ങി. മൂന്ന് പന്തിൽ ഒരു റൺസെടുത്ത താരത്തെയും കുൽദീപിന്റെ പന്തിൽ പട്ടേൽ കൈയിലൊതുക്കുകയായിന്നു. ഡൽഹി ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് 32 പന്തിൽ ആറ് സിക്സും 11 ഫോറുമടക്കം 89 റൺസിലെത്തിയ ട്രാവിസ് ഹെഡിനെയും കുൽദീപ് തന്നെ വീഴ്ത്തി. ഇത്തവണ ക്യാച്ചെടുത്തത് ട്രിസ്റ്റൺ സ്റ്റബ്സായിരുന്നു. അപ്പോഴേക്കും സ്കോർ 8.6 ഓവറിൽ 154 റൺസിലെത്തിയിരുന്നു.

ഹെന്റിച്ച് ക്ലാസൻ (എട്ട് പന്തിൽ 15) പെട്ടെന്ന് മടങ്ങിയെങ്കിലും നിതീഷ് കുമാർ റെഡ്ഡിയും (27 പന്തിൽ 37) ഷഹ്ബാസ് അഹ്മദും ചേർന്ന് വീണ്ടും മികച്ച കൂട്ടുകെട്ടുയർത്തിയതോടെ ഡൽഹി ബൗളർമാർ കുഴങ്ങി. നിതീഷ് പുറത്തായതിന് പിന്നാലെ അബ്ദുൽ സമദും (13) പാറ്റ് കമ്മിൻസും (1) പുറത്തായെങ്കിലും ഒരുവശത്ത് അർധസെഞ്ച്വറിയുമായി ഷഹ്ബാസ് പിടിച്ചുനിന്നതോടെ സ്കോർ 260 കടക്കുകയായിരുന്നു. സീസണിൽ മൂന്നാം തവണയാണ് ഹൈദരാബാദ് 260 കടക്കുന്നത്. ഷഹ്ബാസ് അഹ്മദിനൊപ്പം (29 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 59) റൺസെടുക്കാതെ വാഷിങ്ടൺ സുന്ദർ പുറത്താകാതെനിന്നു.

നാലോവറിൽ 55 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഡൽഹി ബൗളർമാരിൽ തിളങ്ങിയത്. മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags:    
News Summary - Fraser Show to Delhi, Natarajan's super show; Big win for Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.