വിയർപ്പിൽ കുളിച്ച ഷർട്ടുമായി ട്രെയിൻ കാത്തുനിൽക്കുന്ന മുൻ ക്രിക്കറ്റ് താരം ജവഗൽ ശ്രീനാഥ്

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളർമാരിലൊരാളാണ് ജവഗൽ ശ്രീനാഥ്. 1990കളിലെ ഇന്ത്യന്‍ ബൗളിങ്ങിന്‍റെ കുന്തമുന.

മികച്ച ഫാസ്റ്റ് ബൗളര്‍മാരില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് വലഞ്ഞ സമയത്താണ് ശ്രീനാഥ് ടീമിലെത്തുന്നത്. 1991ല്‍ ആസ്‌ട്രേലിയക്കെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. 90കളിൽ സ്ഥിരമായി ക്രിക്കറ്റ് കണ്ടവരുടെ മനസ്സിൽ ഇപ്പോഴും നിറംമങ്ങാതെയുണ്ടാകും ശ്രീനാഥിന്‍റെ തകർപ്പൻ പ്രകടനങ്ങൾ. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷമായിരുന്നു താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

നിലവിൽ ഐ.സി.സി മാച്ച് റഫറിയാണ്. ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനുശേഷം ശ്രീനാഥ് പൊതുപരിപാടികളിൽ സജീവമായിരുന്നില്ല. കർണാടകയിലെ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്ന ശ്രീനാഥിന്‍റെ പഴയ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

2017ലെ ചിത്രം അഷു സിങ് എന്നയാളുടെ ലിങ്കഡ് ഇൻ പ്രൊഫൈലിലാണ് പ്രത്യക്ഷപ്പെട്ടത്. മൈസൂരു റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ കാത്തുനിൽക്കുന്നത്. കർണാടകയിൽനിന്നുള്ള മുൻ ക്രിക്കറ്റ് താരം ബാഗ് ധരിച്ച് ആരാധകനൊപ്പം പോസ് ചെയ്യുമ്പോൾ ഷർട്ട് വിയർപ്പിൽ നനഞ്ഞിട്ടുണ്ട്.

'മൈസൂരു റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തുനിൽക്കുന്ന ജവഗൽ ശ്രീനാഥ്. അതെ, നിങ്ങൾ വായിക്കുന്നത് ശരിയാണ്. അത്ര ലളിതമാണ് ഈ മികച്ച ബൗളർ. ഈ അത്ഭുത വ്യക്തിയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ചവരിൽ ഒരാൾ!' -ഫോട്ടോക്ക് താഴെയുള്ള കാപ്ഷൻ പറയുന്നു.

ശാരീരിക പരിമിതികളെ തുടർന്നാണ് 33ാം വ‍യസ്സിൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചതെന്ന് ശ്രീനാഥ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Former cricketer Javagal Srinath waiting for train in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.