147 വർഷത്തിനിടെ ആദ്യം; ജെയിംസ് ആ​ൻഡേഴ്സണ് അതുല്യ റെക്കോഡ്

ധരംശാല: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 700 വിക്കറ്റ് നേടുന്ന ഫാസ്റ്റ് ബൗളറെന്ന അതുല്യ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജെയിംസ് ആ​ൻഡേഴ്സൺ. ഇന്ത്യക്കെതിരെ ധരംശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 30 റൺസെടുത്ത കുൽദീപ് യാദവിനെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈയിലെത്തിച്ചതോടെയാണ് 147 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസറായി 41കാരൻ മാറിയത്. ശുഭ്മൻ ഗില്ലിനെ പുറത്താക്കിയാണ് 699ലെത്തിയത്.

700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ആൻഡേഴ്സൺ. ശ്രീലങ്കയുടെയും ആസ്ട്രേലിയയുടെയും ഇതിഹാസ സ്പിന്നർമാരായ മുത്തയ്യ മുരളീധരനും (133 ടെസ്റ്റിൽ 800 വിക്കറ്റ്), ഷെയിൻ വോണും (145 ടെസ്റ്റിൽ 708 വിക്കറ്റ്) മാത്രമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ.

2003 മേയിൽ സിംബാബ്​‍വെക്കെതിരെ ലോഡ്സിൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച ആൻഡേഴ്സൺ 187ാം ടെസ്റ്റിലാണ് 700 വിക്കറ്റിലെത്തിയത്. സിംബാബ്​‍വെയുടെ മാർക് വെർമ്യൂലന്റേതായിരുന്നു കന്നി വിക്കറ്റ്. മൂന്ന് തവണ ഒരു ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയ താരം 32 തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ഒരു ഇന്നിങ്സിൽ 42 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 477 റൺസടിച്ച് 259 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന നിലയിലാണ്. നാല് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഇംഗ്ലീഷ് മുൻനിരയെ കറക്കിവീഴ്ത്തിയത്. കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി. 

Tags:    
News Summary - First in 147 years; James Anderson has a unique record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.