വിജയവാഡ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് റായുഡു പാർട്ടി അംഗത്വം സ്വീകരിച്ചത്. ഉപമുഖ്യമന്ത്രി സി.എം. നാരായണ സ്വാമി, എം.പി പെഡ്ഡിറെഡ്ഡി മിഥുൻ റെഡ്ഡി എന്നിവരും ഒപ്പമുണ്ടായിരുന്നു.
38കാരനായ താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് ജൂണിൽ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുണ്ടൂരിൽ നിന്നോ മച്ചിലിപട്ടണത്തിൽ നിന്നോ റായുഡു മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
2023ലെ ഐ.പി.എൽ സീസണ് പിന്നാലെയാണ് ക്രിക്കറ്റിന്‍റെ എല്ലാ മേഖലയിൽ നിന്നും വിരമിക്കുകയാണെന്ന് അമ്പാട്ടി റായുഡു പ്രഖ്യാപിച്ചത്. ഏകദിന സ്പെഷലിസ്റ്റായിരുന്ന താരം 2019 ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
55 ഏകദിനങ്ങൾ കളിച്ച താരം 47 റൺ ശരാശരിയിൽ 1694 റൺസ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആന്ധ്രക്ക് വേണ്ടി 97 മത്സരങ്ങളിൽ നിന്ന് 6151 റൺസും നേടി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.