ഈ ആർ.സി.ബി ബൗളർക്ക് ബുംറക്ക് പകരക്കാരനാകാനാകും; അടുത്ത ഷമിയെന്നും മുൻ ഇന്ത്യൻ പേസർ

ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. 29കാരനായ അഹ്മദാബാദ് താരം പുറംഭാഗത്തെ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിനു പുറത്താണ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്. ബുംറയുടെ അഭാവം കഴിഞ്ഞ ആറുമാസമായി ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ മാറി നിൽക്കുന്ന താരത്തിന് അധികം വൈകാതെ ഇന്ത്യൻ ടീമിനൊപ്പം ചേരാനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പില്ല. ബുംറയുടെ അഭാവത്തിലും ഇന്ത്യൻ ടീമിന് മുന്നോട്ടുപോകാനായത് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരുടെ സാന്നിധ്യമാണ്.

ഇതിൽ സിറാജിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഐ.സി.സി ബൗളിങ് റാങ്കിങ്ങിൽ താരം ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഐ.പി.എൽ 2023 സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒരാൾ കൂടിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം കൂടിയായ സിറാജ്. മുൻ ഇന്ത്യൻ ഇടങ്കൈയൻ പേസർ ആർ.പി. സിങ് സിറാജിനെ വാനോളം പുകഴ്ത്തി രംഗത്തെത്തി. ബുംറക്ക് പകരംവെക്കാനാകുന്ന ഏറ്റവും മികച്ച താരമാണ് സിറാജെന്നും ആർ.പി. സിങ് പറയുന്നു.

‘ഏറെ നാളായി ഞാൻ സിറാജിനെ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യൻ ടീമിൽ ചേരുമ്പോൾ, അദ്ദേഹത്തിന്റെ ഗ്രാഫ് ശരിക്കും ഉയർന്നതായിരുന്നു, പിന്നെ പതുക്കെ അത് താഴാൻ തുടങ്ങി. എന്നാൽ, ഇത്തവണ താരം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നത് സന്തോഷം നൽകുന്നു, ഫിറ്റ്നസ് ഒരു പ്രധാന കാര്യം തന്നെയാണ്. അദ്ദേഹത്തിന് ബുംറക്ക് പകരക്കാരനാകാനാകും. യഥാർഥത്തിൽ, അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുകയാണ്, അടുത്ത മുഹമ്മദ് ഷമിയാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് തോന്നുന്നു’ -ആർ.പി. സിങ് വ്യക്തമാക്കി.

Tags:    
News Summary - Ex-India Pacer Feels 29-year-old RCB Star 'Can Replace Jasprit Bumrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT