ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലും ടോസിനിടെ

അൻഷുൽ കാംബോജിന് അരങ്ങേറ്റം, കരുൺ നായർ പുറത്ത്; നാലാം ടെസ്റ്റിൽ ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്

മാഞ്ചസ്റ്റർ: ആൻഡേഴ്സൻ -ടെൻഡുൽക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരമ്പരയില്‍ തുടര്‍ച്ചയായ നാലാം തവണയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ടോസ് നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തിൽനിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശനും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശാര്‍ദുല്‍ ഠാക്കൂറും ആകാശ്ദീപിന് പകരം അന്‍ഷുല്‍ കാംബോജും അവസാന ഇലവനിലെത്തി.

വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് ടീമിലുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. ജോലിഭാരം പരിഗണിച്ച് ബുംറക്ക് നാലാം ടെസ്റ്റില്‍ വിശ്രമം നല്‍കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ആകാശിനും അര്‍ഷ്ദീപിനും പരിക്കേറ്റതോടെ താരത്തെ കളിപ്പിക്കുകയായിരുന്നു. പരമ്പരയിൽ 1-2ന് പിന്നിലുള്ള ഇന്ത്യക്ക് തിരിച്ചുവരാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്. എന്നാൽ മാഞ്ചെസ്റ്ററില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് ജയിച്ചിട്ടില്ലെന്നത് സമ്മർദമേറ്റും.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ സ്പിന്നർ ശുഐബ് ബഷീറിനു പകരം ലിയാം ഡോസൺ പ്ലേയിങ് ഇലവനിലുണ്ട്. ടീമിൽ മറ്റു മാറ്റങ്ങളില്ല. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണർമാരായ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലും മികച്ച തുടക്കമാണ് നൽകിയത്. 25 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസാണ് ഇന്ത്യൻ ഇന്നിങ്സിൽ എത്തിയിരിക്കുന്നത്.

അതേസമയം, ആഭ്യന്തരക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് അന്‍ഷുല്‍ കാംബോജ്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി മികച്ചരീതിയില്‍ പന്തെറിയാന്‍ താരത്തിനായി. രഞ്ജി ക്രിക്കറ്റില്‍ ഹരിയാനക്കായി കളിക്കുന്ന താരം കേരളത്തിനെതിരേ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു. സീസണില്‍ മൊത്തം 34 വിക്കറ്റാണ് വീഴ്ത്തിയത്. ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 79 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.

  • ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, വാഷിങ്ടൻ സുന്ദർ, ശാർദൂൽ ഠാക്കൂർ, അൻഷുൽ കാംബോജ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.
  • ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: സാക് ക്രൗലി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ.
Tags:    
News Summary - England won the toss and chose to bowl against India in the 4th Test at Manchester

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.