‘ഞാൻ കരയുന്നത് രാജ്യം കാണാൻ ആഗ്രഹിക്കുന്നില്ല’; മത്സരശേഷം വികാരഭരിതയായി ഹർമൻപ്രീത് കൗർ

വനിത ട്വന്റി20 ലോകകപ്പ് സെമിയിൽ ചാമ്പ്യന്മാരായ ആസ്ട്രേലിയയോട് പൊരുതി തോറ്റാണ് ഇന്ത്യ മടങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങവെയാണ് നായിക ഹര്‍മന്‍പ്രീത് കൗർ അപ്രതീക്ഷിതമായി റണ്ണൗട്ടാകുന്നത്. അനായാസം രണ്ട് റണ്‍സ് പൂര്‍ത്തിയാക്കാമായിരുന്നെങ്കിലും ക്രീസിനടുത്തുവെച്ച് ഹര്‍മന്‍റെ ബാറ്റ് ഗ്രൗണ്ടില്‍ തട്ടി നിന്നതോടെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലീസ ഹീലി സ്റ്റെമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ജെമീമ റോഡ്രിഗസിനൊപ്പം ചേർന്ന് മികച്ച പ്രകടനവുമായി നിറഞ്ഞുനിൽക്കെയാണ് താരം വെറുതെ വിക്കറ്റ് കളഞ്ഞുകുളിച്ചത്. നാലോവറിൽ മൂന്നു വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ ഇന്ത്യൻ നിരയിൽ ഇരുവരും ഒന്നിച്ച് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. 33 പന്തിൽ 44 റൺസ് മാത്രം വേണ്ട ഘട്ടത്തിലായിരുന്നു റണ്ണിനായി ഓട്ടവും പുറത്താകലും. മൂന്നാം അമ്പയറുടെ പരിശോധനയിലാണ് ഔട്ട് സ്ഥിരീകരിച്ചത്. മത്സരശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഹർമന്‍റെ പുറത്താകലായിരുന്നു.

ഒടുവിൽ അഞ്ചു റൺസിനാണ് ഇന്ത്യ കീഴടങ്ങിയത്. ആസ്ട്രേലിയ ഏഴാം തവണയും ഫൈനലിൽ കടന്നു. ഹൃദയഭേദകമായ തോൽവിക്ക് പിന്നാലെ സങ്കടം നിയന്ത്രിക്കാൻ പാടുപ്പെട്ട ഹർമൻപ്രീത് കണ്ണട ധരിച്ചാണ് മത്സര ശേഷമുള്ള പ്രസന്‍റേഷനായി എത്തിയത്. ‘ഞാൻ കരയുന്നത് എന്‍റെ രാജ്യം കാണരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതിനാലാണ് ഈ കണ്ണട ധരിക്കുന്നത്. ഞങ്ങൾ കൂടുതൽ കരുത്തോടെ തിരിച്ചുവരും, ഇനി ഇതുപോലെ രാജ്യത്തെ നിരാശപ്പെടുത്തില്ലെന്നും ഉറപ്പ് നൽകുന്നു’ -വികാരഭരിതയായി ഹർമൻപ്രീത് പറഞ്ഞു.

ഓസീസ് കുറിച്ച 173 റൺസ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനെ സാധിച്ചുള്ളു. ഇതിലും വലിയൊരു നിർഭാഗ്യമില്ല. ജെമിയിലൂടെ ഞങ്ങൾക്ക് വീണ്ടും പ്രതീക്ഷ കൈവന്നു. ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല. ഞാൻ റണ്ണൗട്ടായ വഴി, അതിലും നിർഭാഗ്യകരമായൊന്നില്ല. അവസാന പന്ത് വരെ പോരാടാൻ ഞങ്ങൾ ആഗ്രഹിച്ചു. ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായപ്പോഴും നല്ല ബാറ്റിങ് ലൈനപ്പ് ഉണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നെന്നും ഹർമൻപ്രീത് പ്രതികരിച്ചു.

Tags:    
News Summary - Emotional Harmanpreet Turns up With Glasses During Post-Match Presentation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.