സിംബാബ്​‍വെക്കെതിരെ അനായാസ ജയം; ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ശ്രീലങ്കയും

സിംബാബ്​‍വെക്കെതിരെ അനായാസ ജയവുമായി ശ്രീലങ്ക ലോകകപ്പിന്. യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു മുൻ ചാ​മ്പ്യന്മാരുടെ ജയം. 102 പന്തിൽ 101 റൺസെടുത്ത ഓപണർ പത്തും നിസ്സങ്കയുടെ പ്രകടനമാണ് ജയം എളുപ്പമാക്കിയത്. ഇതോടെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനുള്ള ഒമ്പതാമത്തെ ടീമായി ​ശ്രീലങ്ക. ഒരു ടീമിന് ​കൂടിയാണ് ഇനി അവസരം. തോറ്റെങ്കിലും സിംബാബ്‌വെയുടെ ലോകകപ്പ് പ്രതീക്ഷ അവസാനിച്ചിട്ടില്ല. അവശേഷിക്കുന്ന സ്ഥാനത്തി​നായി സ്കോട്ട്‍ലൻഡുമായാണ് അവരുടെ പോരാട്ടം. രണ്ടു തവണ ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് യോഗ്യത നേടാനാവാതെ പുറത്തായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്​‍വെയെ ലങ്കൻ ബൗളർമാർ 32.2 ഓവറിൽ 165 റൺസിന് എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മഹീഷ് തീക്ഷ്ണയും മൂന്ന് വിക്കറ്റെടുത്ത ദിൽഷൻ മധുശങ്കയുമാണ് സിംബാബ്​‍വെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. മതീഷ പതിരാന രണ്ടും ദസുൻ ഷനക ഒന്നും വിക്കറ്റെടുത്തു. അർധ സെഞ്ച്വറി നേടിയ സീൻ വില്യംസിനും (57 പന്തിൽ 56) ആൾറൗണ്ടർ സിക്കന്ദർ റാസക്കും (51 പന്തിൽ 31) മാത്രമേ സിംബാബ്​‍വെ നിരയിൽ പിടിച്ചുനിൽക്കാനായുള്ളൂ. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ (14) റ്യാൻ ബേൾ (16), ലൂക് ജോംഗ് വേ (10), ബ്രാഡ് ഇവാൻസ് (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. മൂന്നുപേർ പൂജ്യരായി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തകർപ്പൻ തുടക്കമാണ് ഓപണർമാരായ നിസ്സങ്കയും ദിമുത് കരുണരത്നെയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ 103 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും പിരിഞ്ഞത്. 30 റൺസെടുത്ത ദിമുത് കരുണരത്നെയെ റിച്ചാർഡ് എൻഗാരവ ബ്രാഡ് ഇവാൻസിന്റെ കൈയിലെത്തിക്കുകയായിരുന്നു. എന്നാൽ, പി​ന്നീടെത്തിയ കുശാൽ മെൻഡിസ് നിസ്സങ്കക്കൊത്ത കൂട്ടാളിയായതോടെ 33.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ ലക്ഷ്യത്തിലെത്തുകയായിരുന്നു. മെൻഡിസ് 25 റൺസുമായി പുറത്താവാതെ നിന്നു. 14 ഫോറിന്റെ അകമ്പടിയോടെയായിരുന്നു നിസ്സങ്കയുടെ തകർപ്പൻ സെഞ്ച്വറി. 

Tags:    
News Summary - Easy win against Zimbabwe; Sri Lanka to play World Cup in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.