'മദ്യപിച്ചെത്തിയ മുംബൈ താരം ബാൽക്കണിയിൽ തൂക്കിയിട്ടു'; ചഹലി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിലെത്തുന്നതിന് മുമ്പ് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കായാണ് ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ പന്തെറിഞ്ഞത്. 2013ൽ മുംബൈക്കായി കളിക്കുന്ന കാലത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ചഹൽ നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

'ഞാൻ ഈ കഥ മുമ്പ് ആരുമായും പങ്കുവെച്ചിട്ടില്ല. ഇന്ന് മുതൽ എല്ലാവരും അറിയും. മുംബൈ ഇന്ത്യൻസിൽ കളിക്കുമ്പോൾ ബംഗളൂരുവില്‍ മത്സരം നടക്കുന്ന സമയമായിരുന്നു. മത്സര ശേഷം ഒരു ഒത്തുചേരൽ ഉണ്ടായിരുന്നു. വളരെയധികം മദ്യപിച്ച ഒരു സഹതാരം എന്നെ ഏറെ നേ​രം നോക്കി നിന്ന ശേഷം പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. ശേഷം പുറത്തെ ബാൽക്കണിയിൽ നിന്ന് തൂക്കിയിട്ടു. ഞാൻ അപ്പോൾ അയാളെ ചുറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ 15ാം നിലയിലായിരുന്നു ഞങ്ങൾ. പെട്ടെന്നു മറ്റുള്ളവർ വന്ന് സാഹചര്യം നിയന്ത്രിച്ചു. ഞാൻ തളർന്നു പോയി. തുടർന്ന് അവർ കുടിക്കാൻ വെള്ളം തന്നു. ചെറിയ പിഴവു വന്നിരുന്നെങ്കില്‍ ഞാൻ താഴെ വീഴുമായിരുന്നു. ആ കളിക്കാരന്റെ പേര് ഞാൻ പറയുന്നില്ല. പുറത്ത്പോകുമ്പോൾ നമ്മൾ എത്ര ശ്രദ്ധാലുവായിരിക്കണം എന്ന കാര്യം അന്ന് ഞാൻ തിരിച്ചറിഞ്ഞു'-സഹതാരങ്ങളായ ആർ. അശ്വിനോടും കരുൺ നായരോടും സംവദിക്കവെ ചഹൽ വെളിപ്പെടുത്തി.

ടൂർണമെന്റുമായും മുംബൈ ഇന്ത്യൻസുമായും ബന്ധപ്പെട്ടവർ വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകാമെങ്കിലും വാർത്തയാകുന്നത് ഇപ്പോഴാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ചഹലിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായേക്കും.

2013ൽ മുംബൈയ്ക്കായി ഒരു മത്സരം കളിച്ചെങ്കിലും ചഹലിന് വിക്കറ്റ് ലഭിച്ചിരുന്നില്ല. ശേഷം ആർ.സി.ബിയിലേക്ക് കൂടുമാറിയതാടെയാണ് 31കാരന്റെ തലവര തെളിഞ്ഞത്. ആർ.സി.ബിക്കായി എട്ട് സീസണുകളിൽ നിന്ന് 139 വിക്കറ്റുകൾ ചഹൽ സ്വന്തമാക്കി. ഇക്കുറി സഞ്ജു സാംസണിന്റെ രാജസ്ഥാൻ വേണ്ടി കളിക്കുന്ന താരം മൂന്നു കളികളിൽ നിന്ന് ഏഴു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Tags:    
News Summary - Drunk Mumbai Indians Teammate Dangled Me From Balcony Yuzvendra Chahal's Shocking Revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.