മുംബൈ: ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരം മുതൽ സെൻസേഷനായ 14കാരൻ വൈഭവ് സൂര്യവംശിയെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന നിർദേശവുമായി ദേശീയ ടീമിന്‍റെ മുൻ ക്യാപ്റ്റൻ കെ. ശ്രീകാന്ത് രംഗത്ത്. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്‍റിനുള്ള സ്ക്വാഡ് ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ശ്രീകാന്ത് അഭിപ്രായവുമായി രംഗത്തുവന്നത്. ഓപണിങ് പൊസിഷനിൽ ആരു കളിക്കണമെന്ന ചർച്ചയും സജീവമാണ്.
“നിങ്ങൾ ഉറച്ച തീരുമാനങ്ങളെടുക്കണം. വൈഭവിനെ ഏറെ നാൾ കാത്തിരിക്കുന്ന സാഹചര്യത്തിലേക്ക് തള്ളിവിടരുത്. പക്വത വരണം എന്നതു പോലത്തെ മുടന്തൻ ന്യായങ്ങൾ ശരിയല്ല. ഇപ്പോൾ തന്നെ പക്വമായ രീതിയിലാണ് വൈഭവ് കളിക്കുന്നത്. അയാളുടെ ഓരോ ഷോട്ടും വേറെ തലത്തിലാണ്. ഞാനായിരുന്നു ചെയർമാനെങ്കിൽ വൈഭവ് തീർച്ചയായും സ്ക്വാഡിലുണ്ടാകും. ഏഷ്യാകപ്പിനുള്ള 15 അംഗ ടീമിൽ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തണം. ട്വന്റി20 ലോകകപ്പിലും വൈഭവിനെ കളിപ്പിക്കണം. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്.
ഐ.പി.എലിൽ തിളങ്ങിയ താരങ്ങളെ ഓപണറാക്കിയ ശേഷം സഞ്ജുവിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണം. സായ് സുദർശനും യശസ്വി ജയ്സ്വാളും ഐ.പി.എലില്‍ നന്നായി കളിച്ചവരാണ്. ഇവരിൽ ആരെങ്കിലും ഓപ്പണിങ് ബാറ്ററാകട്ടെ. ഞാൻ സിലക്ടർ ആയിരുന്നെങ്കിൽ അഭിഷേക് ആയിരിക്കും ഒന്നാം നമ്പർ ബാറ്റർ. മികച്ച ഫോമിലുള്ള അഭിഷേക് ശർമക്കൊപ്പം സായ് സുദർശൻ, വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ എന്നിവരിൽ ഒരാൾ സഹ ഓപണറായി ഇറങ്ങണം. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസണും ജിതേഷ് ശർമയും തമ്മിലാകും മത്സരം’’– ശ്രീകാന്ത് പറഞ്ഞു.
ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു സാംസൺ സഖ്യമാണ് ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിൽ തിളങ്ങാന്‍ മലയാളി താരത്തിനു സാധിച്ചിരുന്നില്ല. ഷോർട്ട് ബോളുകൾ നേരിടുന്നതിൽ സഞ്ജു ബുദ്ധിമുട്ടിയിരുന്നു. ഇതോടെയാണ് ഓപണറായി പുതിയ താരത്തെ പരീക്ഷിക്കണമെന്ന് ശ്രീകാന്ത് നിലപാടെടുത്തത്. ട്വന്റി20യിൽ 31 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു സാംസണ്‍ മൂന്നു സെഞ്ചറികളുൾപ്പടെ 908 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.
ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളത്തിലിറങ്ങിയ വൈഭവ്, ഏഴ് മത്സരങ്ങളിൽനിന്ന് 200നു മുകളിൽ സ്ട്രൈക് റേറ്റിൽ 252 റൺസാണ് അടിച്ചെടുത്തത്. 35 പന്തിൽ സെഞ്ച്വറി നേടിയ താരം, ഐ.പി.എല്ലിലെ രണ്ടാമത്തെ അതിവേഗ ശതകമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിനെതിരായ അണ്ടർ-19 പരമ്പരയിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഏകദിനത്തിലും ചതുർദിന മത്സരങ്ങളിലും താരം പങ്കെടുത്തു. ഇതിൽ ഒരു സെഞ്ച്വറിയും സ്വന്തം പേരിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.