ദസുന ഷനക​യെ നോൺ സ്ട്രൈക്കർ എൻഡിൽ റൺഔട്ടാക്കി ഷമി; ഔട്ട് വേണ്ടെന്ന് ക്യാപ്റ്റൻ- രോഹിതിന്റെ വിശദീകരണമിങ്ങനെ

വിരാട് കോഹ്ലിയും പിന്നാലെ ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയും സെഞ്ച്വറിയടിച്ച ഇന്ത്യ- ശ്രീലങ്ക ആദ്യ ഏകദിനത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു മുഹമ്മദ് ഷമി ബൗളിങ്ങിനിടെ നോൺസ്ട്രൈക്കർ എൻഡിൽ നടത്തിയ റണ്ണൗട്ട്. ഷനക 98ൽ നിൽക്കെ അവസാന ഓവറിലായിരുന്നു ഷമിയുടെ പ്രകടനം. നാലാം പന്ത് എറിയാൻ എത്തുമ്പോൾ ഷനക ക്രീസ് വിട്ട് ഓട്ടം തുടങ്ങിയിരുന്നു. പന്തെറിയാൻ നിൽക്കാതെ ഷനകയുടെ കുറ്റിതെറിപ്പിച്ച് ഷമി അപ്പീൽ ചെയ്തു. ഷനകയെ പുറത്താക്കുന്ന കാര്യം തീരുമാനിക്കാൻ അംപയർ നേരെ തേർഡ് അംപയറുടെ അടുത്തെത്തി. ഈ സമയം, ഇടപെട്ട ക്യാപ്റ്റൻ രോഹിത് ഇരുവർക്കുമടുത്തെത്തി ഔട്ടിനുള്ള അപ്പീൽ പിൻവലിച്ചതായി അറിയിക്കുകയായിരുന്നു. കളി തുടർന്ന ഷനക കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറി കുറിക്കുകയും ചെയ്തു.

ഇന്ത്യക്കു മുന്നിൽ തോൽവി സാധ്യത ഇല്ലാതിരുന്നിട്ടും ഇങ്ങനെ വെറുതെ പുറത്താക്കുന്നതിനോട് യോജിപ്പില്ലായിരുന്നുവെന്ന് പിന്നീട് രോഹിത് പറഞ്ഞു. ‘‘ഷമി അത് ചെയ്തത് എ​ന്തിനെന്ന് അറിയില്ല. ഷനക 98 റൺസുമായി ബാറ്റു ചെയ്യുകയായിരുന്നു. നാം ആണെങ്കിൽ അരികിലും... അയാളെ അങ്ങനെ പുറത്താക്കാൻ പാടില്ല. അദ്ദേഹത്തിന് അനുമോദനങ്ങൾ’’- ഇതേ കുറിച്ച് രോഹിതിന്റെ വാക്കുകൾ ഇങ്ങനെ.

ഏകദിനത്തിൽ 45ാം സെഞ്ച്വറി കുറിച്ച് വിരാട് കോഹ്ലിയായിരുന്നു ആദ്യ ഏകദിനത്തിലെ ഹീറോ. ബാറ്റെടു​ത്തവരെല്ലാം ​വെളിച്ചപ്പാടായ ദിനത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തപ്പോൾ ലങ്കയുടെ മറുപടി ബാറ്റിങ് എട്ടു വിക്കറ്റിന് 306ൽ അവസാനിക്കുകയായിരുന്നു. 87 പന്തിൽ 113 റൺസെടുത്ത് കോഹ്ലി പടനയിച്ചപ്പോൾ രോഹിത് ശർമ 83ഉം ശുഭ്മാൻ ഗിൽ 70ഉം റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഷനകയുടെ സെഞ്ച്വറിയും പതും നിസൻകയുടെ 72ഉം മാറ്റിനിർത്തിയാൽ ശ്രീലങ്ക വൻ പരാജയമായി. യുവതാരം ഉംറാൻ മാലിക് മൂന്നു വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു. 

Tags:    
News Summary - "Did Not Want...": Rohit Sharma On Withdrawing Mohammed Shami's Run-Out Appeal Against Dasun Shanaka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.