താരലേലത്തിന്​ മുമ്പെ ധോണിയെത്തി; 'തലയുടെ' തന്ത്രങ്ങൾ കാത്ത് ചെന്നൈ സൂപ്പർ കിങ്​സ്​

ചെന്നൈ: ഇന്ത്യൻ പ്രിമിയർ ലീഗ് മെഗാ താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി ചെന്നൈയിലെത്തി. ലേലത്തിന്​ ഇനിയും രണ്ടാഴ്ച ബാക്കി നിൽക്കെ പുതിയ സീസണിലെ താരലേലവുമായി ബന്ധപ്പെട്ട പദ്ധതികൾ ആലോചിക്കാനാണ് ധോണിയുടെ വരവെന്നാണ് സൂചന. ധോണി ചെന്നൈയിലെത്തിയ വിവരം ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്.

താര ലേലത്തിൽ പേരുകേട്ട ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. നിലവിലെ ചാമ്പ്യൻമാർ കൂടിയായ ചെന്നൈയുടെ ടീം രൂപീകരണത്തിലും ശക്തമായ പങ്കുവഹിക്കാൻ എത്തിയിരിക്കുകയാണ് ധോണി. 'തല'യുടെ തന്ത്രങ്ങളിലൂടെ ലേലത്തിലും തുടർന്ന് വരുന്ന സീസണിലും കരുത്ത് കാണിക്കാനാകും ചെന്നൈ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ് ഈ വർഷത്തെ ഐ.പി.എൽ താരലേലം നടക്കുന്നത്. ലേലത്തിനായി ആകെ 1214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പുതുതായി ഐ.പി.എല്ലിന്‍റെ ഭാഗമായ രണ്ടു ടീമുകൾ ഉൾപ്പെടെ 10 ടീമുകളും താൽപ്പര്യം കാട്ടുന്ന താരങ്ങളെ മാത്രം ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും ലേലം നടക്കുക.

താര ലേലത്തിന്​ മുന്നോടിയായി ഐ.പി.എൽ ചട്ടപ്രകാരം നാലു താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയിരിക്കുന്നത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയാണ് ഒന്നാമൻ, പ്രതിഫലം 16 കോടി രൂപ. ധോണിയെ 12 കോടി രൂപക്കും വിദേശ താരമായി ഇംഗ്ലണ്ടിന്‍റെ മൊയീൻ അലിയെ എട്ട്​ കോടി രൂപക്കും യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെ ആറു കോടി രൂപക്കുമാണ് ടീം നിലനിർത്തിയത്.

ബംഗളൂരുവിലെ മെഗാ താരലേലത്തിനായി ചെന്നൈയുടെ കൈവശം ശേഷിക്കുന്നത് 48 കോടി രൂപയാണ്. കിരീടം നിലനിർത്താൻ ഏറ്റവും മികച്ച താരങ്ങളെ തന്നെ ലേലത്തിലൂടെ സ്വന്തമാക്കാനാകും ചെന്നൈയുടെ ശ്രമം. ഈ സീസണിന് ശേഷം ഐ.പി.എല്ലിൽനിന്നും വിരമിച്ചേക്കുമെന്നതിനാൽ ഇതിഹാസ ക്യാപ്റ്റനായ ധോണിക്ക് കിരീടം നേടിക്കൊടുത്ത് അനുയോജ്യമായ യാത്രയയപ്പ് നൽകാനാകും ചെന്നൈ മാനേജ്‌മെന്‍റും ലക്ഷ്യമിടുന്നത്. അതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് മാനേജ്‌മെന്‍റ്​ താരത്തെ ചെന്നൈയിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് സൂചന.

Tags:    
News Summary - Dhoni arrives ahead of star auction; Chennai Super Kings waiting for tactics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT