'ഈ സെഞ്ച്വറി അനുഷ്കക്കും മകൾ വാമികക്കും'; മത്സരശേഷം വിരാട് കോഹ്‌ലി

രണ്ടര വർഷത്തെ ഇടവേളക്കുശേഷം രാജ്യന്തര ക്രിക്കറ്റിൽ നേടിയ സെഞ്ച്വറി പ്രിയ പങ്കാളി അനുഷ്കക്കും മകൾ വാമികക്കും സമർപ്പിച്ച് വിരാട് കോഹ്‌ലി. അനുഷ്‌ക എന്നൊരാൾ കാരണമാണ് താനിപ്പോൾ ഇവിടെ നിൽക്കുന്നതെന്ന് താരം പറഞ്ഞു. മത്സരശേഷമായിരുന്നു കോഹ്‌ലിയുടെ പ്രഖ്യാപനം.

'കഴിഞ്ഞ രണ്ടര വർഷം എന്നെ ഒരുപാട് പഠിപ്പിച്ചു. നവംബറിൽ എനിക്ക് 34 വയസ്സ് തികയുകയാണ്. അതിനാൽ, ആ ആഘോഷങ്ങൾ പഴയ കാര്യമാണ്. സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി. ഞാൻ ഒരു സെഞ്ച്വറി പ്രതീക്ഷിക്കാത്ത ഫോർമാറ്റായിരുന്നു ഇത്. ഞാൻ കഠിനാധ്വാനത്തിലായിരുന്നു, ഇത് എനിക്കും ടീമിനും വളരെ സവിശേഷമായ നിമിഷമാണ്' -കോഹ്‌ലി പറഞ്ഞു.

ടീം തുറന്ന മനസ്സോടെ ഒപ്പം നിന്നു. അതുകൊണ്ടു തന്നെ എന്‍റെ ഇഷ്ടത്തിന് കളിക്കാനായി. പുറത്ത് ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. അവരാണ് എനിക്ക് ശരിയായ കാഴ്ചപ്പാട് നൽകിയതെന്നും താരം കൂട്ടിച്ചേർത്തു.

സെഞ്ച്വറിക്കുശേഷം മോതിരത്തിൽ മുത്തമിട്ടതിനു പിന്നിലെ കാരണവും കോഹ്‌ലി വെളിപ്പെടുത്തി. ഒരേയൊരാൾ കാരണമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. അത് അനുഷ്‌കയാണ്.

ഈ സെഞ്ച്വറി അവൾക്കും ഞങ്ങളുടെ പ്രിയപ്പെട്ട മകൾ വാമികക്കുമാണ്. പരസ്പരം സംസാരിച്ച് കൂടെനിൽക്കാൻ അനുഷ്‌കയെപ്പോലെ ഒരാൾ ഉള്ളപ്പോൾ എനിക്ക് ഒരു നിരാശയുമുണ്ടായിരുന്നില്ല. ആ ആറുമാസത്തെ അവധി എനിക്ക് ശരിക്കുമൊരു നവോന്മേഷമായിരുന്നു. എത്രമാത്രം ക്ഷീണിതനാണ് ഞാനെന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. ആ ഇടവേളയാണ് ഒരിക്കൽകൂടി ആസ്വദിച്ചുകളിക്കാൻ എനിക്ക് പ്രാപ്തി തന്നതെന്നും താരം വ്യക്തമാക്കി.

ട്വന്‍റി20യിലെ കോഹ്‌ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. 61 പന്തിൽ 122 റൺസെടുത്ത് താരം മത്സരത്തിൽ പുറത്താകാതെ നിന്നു. 14 ഫോറുകളും ആറു സിക്സറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.

Tags:    
News Summary - Dedicated To Anushka, Vamika": What Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.