ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നെയാണ് വിരാടിന്‍റെ തീരുമാനം. ഏകദിനത്തിൽ കളിക്കുന്നത് താരം തുടരും. 14 വർഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാട് കോഹ്ലി വിരാമമിട്ടത്.
താരത്തിന്‍റെ വിരമിക്കലിന് ശേഷം ലോകമെമ്പാട് നിന്നും അദ്ദേഹത്തിന് അഭിവാദ്യങ്ങൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. അപ്രതീക്ഷമായ താരത്തിന്‍റെ വിരമിക്കൽ ഞെട്ടലോടെയാണ് ഒരുപാട് പേർ സ്വീകരിച്ചത്. ഇപ്പോൾ വിരാടിന്‍റെ വിരമിക്കലിന് ശേഷം അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ആസ്ട്രേലിയൻ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർ. ഒരുപാട് വർഷം വിരാടിനെതിരെ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും വിരാടിനൊപ്പം ഒരു ടീമിൽ കളിക്കണമെന്നുള്ളത് പൂർത്തിയാക്കാൻ സാധിക്കാത്ത സ്വപ്നമായി തുടരുമെന്നും വാർണർ പറഞ്ഞു.
'ടെസ്റ്റ് ഫോർമാറ്റിന്റെ ഒരു മികച്ച അംബാസിഡർ ആയിരുന്നു വിരാട് കോഹ്ലി. നിങ്ങൾ കാണുന്ന കഠിനാധ്വാനികളായ കളിക്കാരിൽ പ്രധാനിയായ ഒരാളാണ് അവൻ. ഞങ്ങൾ എതിരാളികളായി ഒരുപാട് കളിച്ചിട്ടുണ്ട് പക്ഷേ ഞാൻ എപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനോഭാവവും ആത്മവിശ്വാസവും ബഹുമാനം സൃഷ്ടിക്കുന്ന കാര്യമാണ്. . സത്യത്തിൽ വിരാടിനൊപ്പം ഒരേ ടീമിൽ ഒരിക്കലെങ്കിലും കളിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വിരാടിനൊപ്പം പൂർത്തീകരിക്കാൻ കഴിയാത്ത ഒരാഗ്രഹമായി എന്നും എൻ്റെ ഉള്ളിൽ അതുണ്ടാകും,' ഡേവിഡ് വാർണർ റേവ് സ്പോർട്സിനോട് സംസാരിക്കവെ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിൽ നിന്നും 210 ഇന്നിങ്സിൽ നിന്നുമായി 9230 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരം ടെസ്റ്റ് ക്രിക്കറ്റി ബാറ്റ് വീശിയത്.
30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളുമാണ് റെഡ് ബോൾ ക്രിക്കറ്റിൽ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിത്തന്ന നായകൻ കൂടിയാണ് വിരാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.