‘ഇല്ലുമിനാറ്റി..’ പാടി സ്വാഗതം ചെയ്ത് ചെന്നൈ; നന്ദി പറഞ്ഞ് രാജസ്ഥാൻ; സഞ്ജുവിൽ ചെന്നൈയുടെ ലോങ് ടേം പ്ലാൻ

ചെന്നൈ: മാസങ്ങളോളം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ സഞ്ജുവിന്റെ കരാർ ഉറപ്പിച്ച വാർത്തയെ വൻ ആഘോഷത്തോടെ വരവേറ്റ് ചെന്നൈ സൂപ്പർ കിങ്സ്.

മലയാളക്കരയിലും തമിഴ്നാട്ടിലും ഹിറ്റായ ആവേശം ചിത്രത്തിലെ ‘ഇല്ലുമിനാറ്റി..’ പാട്ടി​ന്റെ അകമ്പടിയോടെയാണ് സഞ്ജു സാംസണിന്റെ വരവിനെ ചെന്നൈ വരവേറ്റത്. സാമൂഹിക മാധ്യമങ്ങളിൽ ‘വണക്കം’ തലവാചകം കുറിച്ചും, നായകൻ എം.എസ് ധോണിക്കൊപ്പം മൈതാന മധ്യത്തിൽ നിൽകുന്ന വീഡിയോ ഗ്രാഫിക്സും സഹിതം മലയാളി സൂപ്പർതാരത്തിന്റെ വരവ് ആഘോഷം തന്നെയാക്കി മാറ്റി. ​

അതേസമയം, ദീർഘകാലം രാജസ്ഥാന്റെ മുഖമായി മാറിയ സഞ്ജു സാംസൺ ടീം വിടുമ്പോൾ ഹൃദ്യമായ നന്ദിയർപ്പിച്ചായിരുന്നു യാത്രയാക്കിയത്. 2013ൽ കൗമാരക്കാരനായി സഞ്ജു ടീമിലെത്തിയ ചിത്രവും, നായകനായി ടീമിന്റെ ചേട്ടനായി പടിയിറങ്ങുന്ന ചിത്രവും ഒരു ഫ്രെയിമിൽ ചേർത്തായിരുന്നു രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകന് യാത്രയയപ്പ് നൽകിയത്. കഴിഞ്ഞ കാലങ്ങളിലെ സേവനങ്ങൾക്കും ഓർമകൾക്കും ടീം നന്ദിയും അർപ്പിച്ചു.

ഐ.പി.എല്ലിലെ പരിചയ സമ്പന്നനായ താരമാണ് ദീർഘകാലത്തെ കരിയറിനൊടുവിൽ പുതിയ ടീമിലേക്ക് കൂടുമാറുന്നത്.

2013ൽ തന്റെ 19ാം വയസ്സിലായിരുന്നു സഞ്ജു സാംസൺ ഇതിഹാസ താരങ്ങൾ അണിനിരന്ന രാജസ്ഥാൻ റോയൽസിന്റെ പടികടന്നെത്തിയത്. ടീം സസ്​പെൻഷനിലായ രണ്ടു സീസണിൽ 2016ലും 2017ലും ഡൽഹി കാപിറ്റൽസിനായി കളിച്ചതൊഴിച്ചാൽ കഴിഞ്ഞ കാലമത്രയും ​രാജസ്ഥാനു വേണ്ടി പാഡണിഞ്ഞ മലയാളി താരം ടീമിന്റെ ആരാധക ഹൃദയങ്ങളും കീഴടക്കി.

2021 ജനുവരിയിലാണ് സഞ്ജുവിനെ രാജസ്ഥാൻ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്.

സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെയായി 177ഓളം മത്സരങ്ങളിൽ ടീമിനായി പാഡണിഞ്ഞു.

​ചെന്നൈയു​ടെ പ്ലാൻ സഞ്ജു

പത്തു സീസണോളം കളിച്ച താരം ടീം വിടാൻ സന്നദ്ധമായപ്പോൾ എന്ത് വിലനൽകിയും സ്വന്തമാക്കാനുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ പദ്ധതിക്കു പിന്നിൽ പല കാരണങ്ങളുണ്ട്. രാജസ്ഥാൻ ആവശ്യപ്പെട്ടതെല്ലാം നൽകിയാണ് ചെന്നൈ വമ്പൻ ഡീലിന് തയ്യാറായതെന്നതിൽ തന്നെയുണ്ട് ഈ കരാറിന്റെ പ്രധാന്യം. ഓൾറൗണ്ടർ രവീന്ദ്ര ജദേജയെയും ഇംഗ്ലീഷ് താരം സാം കറനെയും നൽകിയാണ് 18 കോടി വാർഷിക പ്രതിഫലത്തിന് ചെന്നൈ സഞ്ജുവിന്റെ കൂടുമാറ്റത്തിൽ രാജസ്ഥാനുമായി കരാറിലെത്തിയത്.

പടിയിറങ്ങാൻ ഒരുങ്ങുന്ന എം.എസ് ധോണിക്ക് പിൻഗാമിയെ തേടുന്നതിനിടെയാണ് അയൽ നാട്ടുകാരും, ദേശീയ ടീം അംഗവും വിക്കറ്റ് കീപ്പർ ബാറ്റുമായ സഞ്ജുവിൽ ടീം പകരക്കാരനെ കാണുന്നത്.

2024ൽ ജോസ് ബട്‍ലർ, യുസ്​വേന്ദ്ര ചഹൽ, ആർ. അശ്വിൻ എന്നീ സീനിയർ താരങ്ങളെ ഒഴിവാക്കിയതിനു പിന്നാലെ അധികം വൈകാതെ സഞ്ജുവിനെയും വിടാൻ രാജസ്ഥാൻ ഒരുക്കം തുടങ്ങിയിരുന്നു. പുതു നിരയുമായി ടീംകെട്ടിപ്പടുക്കാനുള്ള നീക്കത്തിനൊപ്പം, ​സഞ്ജുവിന്റെ ഓപണിങ് പൊസിഷനിൽ വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ എന്നിവർക്ക് ഇടം നൽകാനും തീരുമാനമായി. ഇതോടെയാണ് സഞ്ജു രാജസ്ഥാൻ വിടാനുള്ള സന്നദ്ധത അറിയിക്കുന്നത്. അതേസമയം, ധോണിയുടെ പിൻഗാമിയെ തേടുന്ന ചെന്നൈ സൂപ്പർ കിങ്സിന് തേടിയ വള്ളി കാലിൽ എന്ന പോലെയായി. ക്യാപ്റ്റൻസിയിൽ പരിചയ സമ്പന്നൻ, ഐ.പി.എൽ ഫൈനൽ വരെ ടീമിനെ എത്തിച്ച നായകൻ, വിക്കറ്റ് കീപ്പിങ്ങിനൊപ്പം ​ട്വന്റി20യിലെ ബിഗ് ഹിറ്റ് ബാറ്റർ, മികച്ച ലീഡർ ഷിപ്പ്.. ഇതൊക്കെ തന്നെ ധാരാളമായിരുന്നു.

ധോണിക്കു പിന്നാലെ മികച്ച നായകനു കീഴിൽ ടീമിനെ കെട്ടിപ്പടുക്കാൻ കൊതിക്കുന്ന ചെന്നൈക്ക് ധോണി തന്നെ അനുഗ്രഹിച്ച് നൽകിയ നിർദേശവുമായിരുന്നു സഞ്ജു സാംസൺ.

സമീപ ഭാവിയിൽ തന്നെ ടീം ലീഡർഷിപ്പിലേക്ക് സഞ്ജുവിനെ എത്തിക്കാനൊരുങ്ങുന്ന ചെന്നൈ, കാര്യങ്ങളെല്ലാം ശരിയായ ദിശയിൽ നീങ്ങിയാൽ അടുത്ത ആറു സീസൺ വരെ സഞ്ജുവിൽ ഭദ്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    
News Summary - CSK Welcomes Sanju samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.