ന്യൂഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ ക്രിക്കറ്റ് താരം ആർ.അശ്വിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ. ഹിന്ദി ദേശീയ ഭാഷയല്ലെന്ന അശ്വിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ്. ഏറ്റവും സൗകര്യപ്രദമായ ഭാഷയും മറ്റ് ഭാഷകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലവുമാണ് ഹിന്ദിയെന്ന് അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ഉമ ആനന്ദൻ അശ്വിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. അശ്വിൻ ഭാഷാ വിവാദത്തിൽ ഇടപെടാതിരിക്കുന്നതാണു നല്ലതെന്നായിരുന്നു ഉമ ആനന്ദന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അശ്വിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തന്നെ രംഗത്തെത്തുന്നത്.
ഹിന്ദി ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രമാണെന്ന പ്രതികരണമാണ് അശ്വിൻ നടത്തിയത്. ചെന്നൈയിലെ ഒരു എൻജിനിയറിങ് കോളജിൽ നടന്ന പരിപാടിക്കിടെയായിരുന്നു അശ്വിന്റെ പരാമർശം. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനറിയുമോയെന്നായിരുന്നു വിദ്യാർഥികളോടുള്ള അശ്വിന്റെ ചോദ്യം. തുടർന്നാണ് ഹിന്ദി ദേശീയ ഭാഷയല്ല ഔദ്യോഗിക ഭാഷ മാത്രമാണെന്ന പരാമർശം അശ്വിൻ നടത്തിയത്.
അശ്വിന്റെ പ്രതികരണത്തെ കൈയടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. അശ്വിന്റെ പ്രതികരണത്തെ പിന്തുണച്ച് ഡി.എം.കെയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.