ഹൈദരാബാദ്: ഐ.പി.എൽ ടിക്കറ്റ് തട്ടിപ്പ് കേസിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്.സി.എ) അധ്യക്ഷൻ ജഗൻ മോഹൻ റാവു ഉൾപ്പെടെ അഞ്ചുപേരെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.
എച്ച്.സി.എ ട്രഷറർ ജെ.എസ്. ശ്രീനിവാസ റാവു, സി.ഇ.ഒ സുനിൽ കാന്തെ, ശ്രീ ചക്ര ക്രിക്കറ്റ് ക്ലബ് ജനറൽ സെക്രട്ടറി രാജേന്ദ്ര യാദവ്, പ്രസിഡന്‍റ് ജി. കവിത എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. സൺറൈസേഴ്സ് ഹൈദരാബാദ് ടീം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കോംപ്ലിമെന്‍ററി ടിക്കറ്റുകൾക്കായി എച്ച്.സി.എ അധികൃതർ ഭീഷണിപ്പെടുത്തുന്നതായി സൺറൈസേഴ്സ് ടീം നേരത്തെ ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്കും ഐ.പി.എൽ ഭരണ സമിതിക്കും പരാതി നൽകുകയും ചെയ്തു. എസ്.ആർ.എച്ചിന്‍റെ പരാതിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. ഐ.പി.എൽ ടൂർണമെന്‍റിനിടെ എച്ച്.സി.എ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി വിജിലൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം അവരുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ്.ആർ.എച്ച് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലാണ് വിജിലൻസ് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
മാർച്ച് 27ന് ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിനു തൊട്ടുമുമ്പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കോർപറേറ്റ് ബോക്സ് എച്ച്.സി.എ അധ്യക്ഷൻ ജഗൻ മോഹൻ റാവു പൂട്ടിയിട്ടതായും സൺറൈസേഴ്സ് ടീം ആരോപിച്ചിരുന്നു. 20 കോംപ്ലിമെന്‍ററി ടിക്കറ്റുകൾ ആവശ്യപ്പെട്ടായിരുന്നു റാവുവിന്‍റെ ഭീഷണി. സ്റ്റേഡിയത്തിന്‍റെ മൊത്തം ശേഷിയുടെ പത്ത് ശതമാനം സീറ്റുകൾക്കുള്ള കോംപ്ലിമെന്‍ററി പാസ്സുകളാണ് കരാർ പ്രകാരം ടീം അസോസിയേഷന് നൽകേണ്ടത്. ഇതിലും കൂടുതൽ പാസ്സുകൾ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.