ഐ.പി.എല്ലിൽനിന്ന്​ പിൻവാങ്ങി ക്രിസ്​ ഗെയ്​ൽ; കാരണം വ്യക്​തമാക്കി ടീം

പഞ്ചാബ്​ കിംഗ്​സിന്‍റെ​ വെടിക്കെട്ട്​ താരം ക്രിസ്​ ഗെയ്​ൽ ഐ.പി.എല്ലിൽനിന്ന്​ പിൻവാങ്ങി. കോവിഡ്​ സുരക്ഷയുടെ ഭാഗമായുള്ള ബയോ ബബിളിൽ സ്​ഥിരമായി കഴിയുന്നതിലെ ബുദ്ധിമുട്ടാണ്​ താരം പിൻവാങ്ങാൻ കാരണമെന്ന്​ ടീം അധികൃതർ അറിയിച്ചു.

ഐ.പി.എൽ പുനരാരംഭിച്ച ശേഷം രണ്ട്​ മത്സരങ്ങളിൽ വെസ്റ്റ്​ ഇൻഡീസ്​ താരം ഇറങ്ങിയിരുന്നു. ഒക്​ടോബർ മധ്യത്തോടെ ടി20 ലോകകപ്പ്​ ആരംഭിക്കുകയാണ്​. ഇതുകൂടി മുന്നിൽ കണ്ടാണ്​ ഗെയ്​ൽ പിൻവാങ്ങിയത്​.

കരീബിയൻ പ്രീമിയർ ലീഗിന്​ (സി.പി.എൽ) ശേഷമാണ്​ ഗെയ്​ൽ ദുബൈയിലേക്ക്​ എത്തുന്നത്​. സി.പി.എല്ലിനിടയിലും ബയോ ബബിൾ ഉണ്ടായിരുന്നു. മാസങ്ങളായി ബയോ ബബിളിൽ തുടരുന്നത്​ ക്ഷീണിപ്പിച്ചെന്നും മാനസികമായി ഊർജം നേടേണ്ട​തുണ്ടെന്നും ഗെയ്​ൽ വ്യക്​തമാക്കി.

ടി20 ലോകകപ്പിൽ വെസ്റ്റ്​ ഇൻഡീസിനെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അതിന്​ മുമ്പ്​ ഇടവേള എടുക്കുകയാണെന്നും ഗെയ്​ൽ പറഞ്ഞു.

'അവധി നൽകിയതിന് പഞ്ചാബ് കിങ്​സിന്​ നന്ദി. എന്‍റെ മനസ്സും പ്രാർഥനയും എപ്പോഴും ടീമിനൊപ്പമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങൾക്ക്​ എല്ലാ ആശംസകളും' -ഗെയ്​ൽ കൂട്ടിച്ചേർത്തു.

ടീം അദ്ദേഹത്തിന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് മുഖ്യപരിശീലകൻ അനിൽ കുംബ്ലെ പറഞ്ഞു. 'ഞാൻ ഗെയ്​ലിനെതിരെ കളിച്ചിട്ടുണ്ട്, പഞ്ചാബ് കിംഗ്‌സിൽ അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുമുണ്ട്. വർഷങ്ങളായി ഞാൻ അദ്ദേഹത്തെ അറിയുന്നു. അദ്ദേഹം എല്ലായ്പ്പോഴും തികഞ്ഞ പ്രഫഷണലാണ്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തിന്‍റെ തീരുമാനത്തെയും ടി20 ലോകകപ്പിനായി സ്വയം തയാറാകാനുള്ള ആഗ്രഹത്തെയും ബഹുമാനിക്കുന്നു' -കുംബ്ലെ പറഞ്ഞു.

'ടി20 ക്രിക്കറ്റിനെ മാറ്റിയ ഇതിഹാസമാണ് ഗെയ്​ൽ. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുന്നു. അദ്ദേഹം പഞ്ചാബ് കിംഗ്സ് കുടുംബത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്‍റെ അഭാവം നഷ്​ടം തന്നെയാണ്​. അദ്ദേഹത്തിന് എല്ലാ പിന്തുണ നൽകുകയും വിജയം ആശംസിക്കുകയും ചെയ്യുന്നു' -സി.ഇ.ഒ സതീഷ് മേനോൻ കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ചേരുന്നതിന് മുമ്പ് ഗെയ്ൽ ദുബൈയിൽ തുടരാനാണ് സാധ്യത. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ ഒരു റൺസ്​ മാത്രമാണ്​ 42കാരൻ നേടിയത്​. ഈ സീസണിൽ 10 മത്സരങ്ങളിൽനിന്നായി 193 റൺസാണ്​ ഗെയ്​ലിന്‍റെ സമ്പാദ്യം.

Tags:    
News Summary - Chris Gayle withdraws from IPL; The team clarified the reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.