ചെന്നൈ സൂപ്പർ കിങ്സ് ഫേസ്ബുക്കിൽ പങ്കുെവച്ച ചിത്രം

‘സൂപ്പർസ്റ്റാർ കപ്പിളിന് ടൺകണക്കിന് ആശംസകൾ’; സഞ്ജുവിന് വിവാഹവാർഷിക ആശംസ നേർന്ന് സി.എസ്.കെ

ചെന്നൈ: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന് ഏഴാം വിവാഹവാർഷികമാണിന്ന്. 2018 ഡിസംബർ 22നാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സും താര ദമ്പതികൾക്ക് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘സൂപ്പർസ്റ്റാർ കപ്പിളിന് ടൺകണക്കിന് ആശംസകൾ’ എന്നാണ് സി.എസ്.കെ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. സഞ്ജുവും ചാരുവും ഒരുമിച്ചുള്ള ചിത്രങ്ങളും സൂപ്പർ കിങ്സ് പങ്കുവെച്ചു. മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. അഞ്ച് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

Full View

അതേസമയം ഐ.പി.എല്ലിൽ ഏറെനാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയത്. സഞ്ജുവിന് പകരം ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയേയും സാം കറനെയും ചെന്നൈ രാജസ്ഥാന് കൈമാറി. രോഹൻ കുന്നുമ്മൽ നയിക്കുന്ന കേരളത്തിന്‍റെ വിജ് ഹസാരെ ടീമിലും ഫെബ്രുവരിയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലും സഞ്ജുവുണ്ട്. ഉപനായകനായിരുന്ന ശുഭ്മൻ ഗില്ലിനെ ഒഴിവാക്കി ടീം പ്രഖ്യാപനം നടത്തിയതോടെ, ഓപണിങ് പൊസിഷനിലാകും ലോകകപ്പിൽ സഞ്ജു കളിക്കുക.

നേരത്തെ ട്വന്‍റി20യിൽ ഗിൽ തിരിച്ചെത്തിയത് സഞ്ജുവിന് തിരിച്ചടിയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും പ്രോട്ടീസിനെതിരായ പരമ്പരയിലെ ആദ്യത്തെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നു. ഗില്ലാണെങ്കിൽ ഓപണിങ് റോളിൽ തീർത്തും നിരാശപ്പെടുത്തി. ഇതോടെ സഞ്ജുവിനെ പുറത്തിരുത്തി ടീമിലെത്തിയ ഗില്ലിനെതിരെ വിമർശനവും ശക്തമായി. ഇതിനിടെയാണ് നാലാം മത്സരത്തിനു തൊട്ടുമുമ്പായി പരിശീലനത്തിനിടെ താരത്തിന്‍റെ കാൽവിരലിന് പരിക്കേറ്റ് ബാക്കി മത്സരങ്ങളിൽനിന്ന് പുറത്താകുന്നത്.

നാലാം മത്സരം മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതോടെ സഞ്ജുവിന് കളിക്കാനുള്ള യോഗമുണ്ടായില്ല. അഞ്ചാം മത്സരത്തിൽ അഭിഷേകിനൊപ്പം ഓപണറായി ഇറങ്ങിയ സഞ്ജു തിളങ്ങുകയും ടീമിന് മികച്ച തുടക്കം നൽകുകയും ചെയ്തു. 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം സഞ്ജു 37 റൺസെടുത്താണ് പുറത്തായത്. തൊട്ടടുത്ത ദിവസം നടന്ന ടീം പ്രഖ്യാപനത്തിലാണ് ഗില്ലിന് ഇടമില്ലാതെ വന്നത്. താരത്തിന്‍റെ ഫോമില്ലായ്മ തന്നെയാണ് ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്.

Tags:    
News Summary - Chennai Super Kings' Weddingg Anniversary Wishes to Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.