ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. പരിക്കേറ്റ ഗുർജാബ്നീറ്റിന് പകരമാണ് സി.എസ്.കെ ബേബി എ.ബി.ഡി എന്നറിയപ്പെടുന്ന ബ്രെവിസിനെ ടീമിലെത്തിച്ചത്. 2.2 കോടിക്കാണ് യുവതാരത്തെ സി.എസ്.കെ സ്വന്തമാക്കിയത്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായാണ് ബ്രെവിസിനെ കണക്കാക്കുന്നത്. താരവുമായി കരാർ ഒപ്പിട്ട അഞ്ച് തവണ ചാമ്പ്യന്മാരായ സി.എസ്.കെ ടീമിന് ഇതൊരു സുപ്രധാന നീക്കമാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, ഇതിഹാസ താരം എ.ബി.ഡിവില്ലിയേഴ്‌സുമായി താരതമ്യം ചെയ്യപ്പെട്ട ബ്രെവിസ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി ആകെ 10 മത്സരങ്ങൾ കളിച്ച അദ്ദേഹം എം.എൽ.സിയിലും എസ്.എ20യിലും അവരെ പ്രതിനിധീകരിക്കുന്നുണ്ട്.
21 വയസ്സുള്ള താരം ഇതിനകം 81 ട്വന്‍റി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 145 ന് അടുത്ത് സ്ട്രൈക്ക് റേറ്റോടെയാണ് താരം ബാറ്റ് വീശുന്നത്. ആഭ്യന്തര ടീമായ ടൈറ്റൻസിന് വേണ്ടി മികച്ച ഫോമിൽ കളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഐ.പി.എല്ലി.ലേക്ക് എത്തുന്നത്, ലിസ്റ്റ് എ മത്സരങ്ങളിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ബ്രെവിസിന് സാധിച്ചു. ഈ വർഷം ആദ്യം എസ്.എ20 യിലും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഐ.പി.എൽ പകുതി കഴിഞ്ഞപ്പോൾ ഇതുവരെ രണ്ട് വിജയങ്ങൾ മാത്രം നേടി ഏറ്റവും താഴെ പരാജിതരായി നിൽക്കുന്ന സി.എസ്.കെ ടീമിനൊപ്പം ബ്രെവിസ് ചേരും.
ഈ സീസണിൽ സി.എസ്.കെയുടെ പകരക്കാരനായി വരുന്ന രണ്ടാമത്തെ കളിക്കാരനാണ് ബ്രെവിസ്. സ്ഥിരം ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി മുംബൈയുടെ പ്രതിഭയായ ആയുഷ് മാത്രെയെ അവർ ഇതിനകം തന്നെ ഒപ്പുവെച്ചിട്ടുണ്ട്. ഏപ്രിൽ 20 ന് വാങ്കഡെയിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെയാണ് സിഎസ്‌കെയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.