ശിവം ദുബെ

ചെപ്പോക്കിൽ ചെന്നൈയുടെ തേരോട്ടം; ലഖ്‌നൗവിനെ അഞ്ച് വിക്കറ്റിന് തകർത്തു

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആവേശകരമായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ സ്വന്തം തട്ടകത്തിൽ തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയിരുന്നു. ഓപ്പണർ ജോഷ് ഇംഗ്ലീസിന്റെ തകർപ്പൻ ബാറ്റിങ്ങാണ് ലഖ്‌നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 33 പന്തിൽ നിന്ന് പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 85 റൺസാണ് ഇംഗ്ലീഷ് താരം അടിച്ചുകൂട്ടിയത്. പവർപ്ലേയിൽ ലഖ്‌നൗ അതിവേഗം റൺസ് ഉയർത്തിയെങ്കിലും മധ്യഓവറുകളിൽ ചെന്നൈ ബോളർമാർ മത്സരത്തിലേക്ക് തിരിച്ചുവന്നു.

ചെന്നൈക്ക് വേണ്ടി ജാമി ഓവർട്ടൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ലഖ്‌നൗവിന്റെ കുതിപ്പിന് തടയിട്ടു. അൻഷുൽ കംബോജ് രണ്ട് വിക്കറ്റും നൂർ അഹമ്മദ് ഒരു വിക്കറ്റും നേടി. അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് (25 പന്തിൽ 43*) നടത്തിയ പ്രകടനമാണ് ലഖ്‌നൗവിനെ 200 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ ഋതുരാജ് ഗെയിക്‌വാദും സഞ്ജു സാംസണും മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ 28 റൺസെടുത്ത് സഞ്ജു മടങ്ങിയപ്പോൾ ബാറ്റിങ്ങിനിറങ്ങിയ ഉർവിൽ പട്ടേൽ 23 പന്തിൽ നിന്ന് 65 റൺസ് നേടി ചെന്നൈയുടെ വിജയപ്രതീക്ഷകൾ വർധിപ്പിച്ചു. ഉർവിൽ പട്ടേൽ പുറത്തായതിന് പിന്നാലെ ഋതുരാജ് ഗെയിക്‌വാദും 42 റൺസെടുത്ത് പുറത്തായി. മധ്യനിരയിൽ ഡെവാൾഡ് ബ്രെവിസ് (10), കാർത്തിക് ശർമ (20) എന്നിവർ പുറത്തായതോടെ കളി അൽപ്പം വാശിയേറിയെങ്കിലും അവസാന ഓവറുകളിൽ ശിവം ദുബെയും പ്രശാന്ത് വീറും ചേർന്ന് ചെന്നൈയെ വിജയത്തിലേക്ക് എത്തിച്ചു. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചെങ്കിലും പ്ലേ ഓഫ് കാണാതെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പുറത്തായി.

Tags:    
News Summary - Chennai defeats Lucknow by five wickets at Chepauk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.