റാവല്‍പിണ്ടി: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിൽ ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഇരു ടീമുകൾക്കും ഓരോ പോയന്‍റ് വീതം ലഭിച്ചു. നിലവിൽ ഗ്രൂപ്പിൽ ഓരോ മത്സരം വീതം ജയിച്ച ദക്ഷിണാഫ്രിക്കയും ഓസീസും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരത്തിന് ഉച്ചക്ക് രണ്ടിന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും മഴമൂലം നീണ്ടുപോയി. 2.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. 20 ഓവർ മത്സരംപോലും നടത്താനാവാത്ത സാഹചര്യമായതിനാൽ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഗ്രൂപ്പിൽ മൂന്നും നാലും സ്ഥാനത്തുള്ള ഇംഗ്ലണ്ടും അഫ്ഗാനിസ്താനും ബുധനാഴ്ച ഏറ്റുമുട്ടും. ഇതിൽ തോൽക്കുന്ന ടീം ടൂർണമെന്റിൽനിന്ന് പുറത്തുപോകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലെത്തുക. അതുകൊണ്ടു തന്നെ നാലു ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ റെക്കോഡ് സ്കോർ പിന്തുടർന്ന് ഓസീസ് ചരിത്ര ജയം നേടിയിരുന്നു. അഫ്ഗാനിസ്താനെ 107 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും ജയിച്ചാൽ ഇരുടീമുകളും സെമിയിലെത്തും. ഈമാസം 28ന് ഓസീസിന് അഫ്ഗാനും മാർച്ച് ഒന്നിന് ദക്ഷിണാഫ്രിക്കക്ക് ഇംഗ്ലണ്ടുമാണ് എതിരാളികൾ. ഇംഗ്ലണ്ട്-അഫ്ഗാൻ മത്സരത്തിലെ വിജയികൾ അവരുടെ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചാലും സെമിയിലെത്തും. കൂടാതെ, ഓസീസും പ്രോട്ടീസും അവരുടെ അവസാന ഗ്രൂപ്പ് മത്സരം തോൽക്കുകയും ചെയ്താൽ ഇരു ടീമുകളിൽനിന്നും കൂടുതൽ റൺ റേറ്റുള്ള ടീം രണ്ടാമതായി സെമിയിലെത്തും.
ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയും ന്യൂസിലൻഡും ഇതിനകം സെമി ഉറപ്പിച്ചിട്ടുണ്ട്. ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.