രോഹിതിനും ഗില്ലിനും സെഞ്ച്വറി; ധരംശാലയിൽ ഇന്ത്യൻ റൺപെയ്ത്ത്

ധരംശാല: ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും തകർപ്പൻ സെഞ്ച്വറികളുമായി കളംനിറഞ്ഞതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ് ഇന്ത്യ. 160 പന്തിൽ മൂന്ന് സിക്സും 13 ഫോറുമടക്കം രോഹിത് 102 റൺസുമായും 142 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 101 റൺസുമായി ഗില്ലും ക്രീസിലുണ്ട്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യൻ ബാറ്റർമാർ സന്ദർശക ബൗളർമാർക്ക് ഒരവസരവും നൽകാതെയാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റിൽ ഇതിനകം 160 റൺസ് ഇരുവരും ചേർന്ന് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 46 റൺസിന്റെ ലീഡായി. ഇംഗ്ലണ്ട് വീഴ്ത്തിയ ഏക വിക്കറ്റ് സ്പിന്നർ ശുഐബ് ബഷീറിനാണ്. 58 പന്തിൽ 57 റൺസുമായി ആക്രമണ മൂഡിലായിരുന്ന യശസ്വി ജയ്സ്വാളിനെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈയിലെത്തിക്കുകയായിരുന്നു.  

ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ അടിതെറ്റിയ ഇംഗ്ലീഷ് ബാറ്റിങ് നിര ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായിരുന്നു. കുൽദീപ് യാദവ് അഞ്ചും രവിചന്ദ്രൻ അശ്വിൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് ബാറ്റർമാരിൽ പിടിച്ചുനിന്നത് 79 റൺസെടുത്ത ഓപണർ സാക് ക്രോളി മാത്രമായിരുന്നു. 

Tags:    
News Summary - Centuries for Rohit and Gill; Indian run flow in Dharamshala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.