ഇന്ത്യ-പാകിസ്താൻ രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കണമെന്ന് പറയുകയാണ് മുൻ ആസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്. പാകിസ്താനിൽ വെച്ച് നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഫൈനലിൽ എത്തിയ ടൂർണമെന്‍റിൽ ഫൈനൽ മത്സരവും ദുബൈയിൽ വെച്ചാണ് നടക്കുന്നത്. ഇതിനിടയിലാണ് ഈ പ്രശ്നങ്ങൾ ഇന്ത്യയും പാകിസ്താനും ശരിയാക്കണമെന്ന് മുൻ ആസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് പറയുന്നത്.
'ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കേണ്ടത് പ്രധാനമായിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് ഇന്ത്യ പാകിസ്ഥാനിൽ കളിക്കാതിരുന്നത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും പരമ്പരകൾ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' ബ്രാഡ് ഹോഗ് പറഞ്ഞു.
ദുബൈയിലെ വേദി ഇന്ത്യക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാൽ ആസ്ട്രേലിയ അതേ ചൊല്ലി പരാതിപ്പെട്ടില്ലെന്നും എല്ലാവർക്കും ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഹോഗ് പറഞ്ഞു. ആസ്ട്രേലിയ സെമിയിൽ അവരേക്കാൾ നന്നായി കളിച്ച ഇന്ത്യൻ ടീമിനോടാണ് തോറ്റതെന്നും ഇന്ത്യയെ ദുബൈയിൽ മറികടക്കാൻ ന്യൂസിലാൻഡിന് മാത്രമെ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
'ദുബൈയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് മുൻതൂക്കമില്ല എന്നാണ് അവരുടെ പരിശീലകൻ പറഞ്ഞത്. എന്നാൽ പേസ് ബൗളർ മുഹമ്മദ് ഷമി മുൻതൂക്കമുണ്ടെന്ന വാദത്തെ അംഗീകരിക്കുന്നുണ്ട്. ഇത് കാരണം ഇന്ത്യക്ക് മുൻതൂക്കമുണ്ടെന്ന് മറ്റുള്ളവർ വാദിക്കുന്നത്. ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പാകിസ്ഥാനുമായുള്ള ഈ രാഷ്ട്രീയ പ്രശ്നം അവരെ അവിടെ കളിക്കുന്നതിൽ നിന്നും തടഞ്ഞു. ഒരു ദിവസം ഇതെല്ലാം അവസാനിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതാണ് നമ്മളെല്ലാം നേരിടുന്ന സാഹചര്യം. എന്നാൽ ദുബൈയിൽ ഇന്ത്യ കളിക്കുന്നതിൽ ആസ്‌ട്രേലിയ പരാതിപ്പെട്ടില്ല. അവർ അത് സ്വീകരിച്ചു. അവരേക്കാൾ നന്നായി കളിച്ച ഇന്ത്യയോട് സെമി ഫൈനലിൽ തോറ്റ് അവർ പുറത്തായി. ദുബായിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയുന്ന ഒരേയൊരു ടീം ന്യൂസിലാൻഡ് ആണെന്ന് ഞാൻ കരുതുന്നു,' ഹോഗ് പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 2.30നാണ് ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം . ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.