ഇരട്ട സെഞ്ച്വറിക്കരികെ കോഹ്‍ലി പുറത്ത്; ഇന്ത്യക്ക് 91 റൺസ് ലീഡ്

അഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 91 റൺസ് ലീഡ്. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 480 റൺസിനെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 571 റൺസാണ് അടിച്ചത്. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ബാറ്റിങ്ങിനിറങ്ങാനാവാത്തത് ആതിഥേയർക്ക് തിരിച്ചടിയായി.

മൂന്ന് വർഷവും നാല് മാസവും പിന്നിട്ട സെഞ്ച്വറി വരൾച്ചക്ക് അന്ത്യം കുറിച്ച സൂപ്പർതാരം വിരാട് കോഹ്‍ലി ഇരട്ട സെഞ്ച്വറിക്കരികെ പുറത്തായി. 364 പന്തിൽ 15 ഫോറുകളോടെ 186 റൺസാണ് കോഹ്‍ലി നേടിയത്. ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങിയ താരത്തെ ടോഡ് മർഫിയുടെ പന്തിൽ മാർനസ് ലബൂഷെയ്ൻ പിടിച്ച് പുറത്താക്കുകയായിരുന്നു. 2019 നവംബർ 23ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെയാണ് കോഹ്‍ലി അവസാനം സെഞ്ച്വറിയടിച്ചത്. കോഹ്‍ലിയുടെ കരിയറിലെ 28ാം ടെസ്റ്റ് ശതകമാണിത്.

യുവതാരം ശുഭ്മാൻ ഗില്ലും നേരത്തെ സെഞ്ച്വറി (128) നേടിയിരുന്നു. അർധ സെഞ്ച്വറിയുമായി ​കോഹ്‍ലിക്ക് മികച്ച പിന്തുണ നൽകിയ ആൾറൗണ്ടർ അക്സർ പട്ടേൽ 79 റൺസെടുത്ത്  പുറത്തായി. താരത്തെ മിച്ചൽ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. രോഹിത് ശർമ(35), ചേതേശ്വർ പൂജാര (42), രവീന്ദ്ര ജദേജ (28), കെ.എസ് ഭരത്(44), രവിചന്ദ്രന്‍ അശ്വിന്‍ (ഏഴ്), ഉമേഷ് യാദവ് (പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. മുഹമ്മദ് ഷമി റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.

ആസ്ട്രേലിയക്കായി നഥാൻ ലിയണും ടോഡ് മർഫിയും മൂന്ന് വിക്കറ്റുകൾ വീതം നേടിയപ്പോൾ മിച്ചൽ സ്റ്റാർക്കും മാത്യൂ കുനേമനും ഓരോ വിക്കറ്റ് വീഴ്ത്തി. നാലാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റൺസ് എന്ന നിലയിലാണ് ആസ്ട്രേലിയ.

നേരത്തെ ഉസ്‌മാന്‍ ഖാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തിലാണ് ഓസീസ് 480 റൺസ് അടിച്ചകൂട്ടിയത്. 422 പന്ത് നേരിട്ട് ഖവാജ 180ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114ഉം റണ്‍സെടുത്ത് പുറത്തായി. വാലറ്റത്ത് നഥാന്‍ ലിയോണും(34), ടോഡ് മ‍ര്‍ഫിയും(41) പിടിച്ചുനിന്നതും സന്ദർശകർക്ക് തുണയായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ഉം ട്രാവിസ് ഹെഡ് 32ഉം റൺസെടുത്തു. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജദേജയും അക്സ‍ര്‍ പട്ടേലും ഓരോ വിക്കറ്റും നേടി. 


Tags:    
News Summary - Border Gavaskar Trophy Ind Vs Aus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.