ബംഗളൂരു: കായിക ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ബുധനാഴ്ച ബംഗളൂരുവിലുണ്ടായത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായത് ആഘോഷിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുവന്ന നിയന്ത്രണാതീത ആരാധകക്കൂട്ടത്തിനിടയിലുണ്ടായ ദുരന്തം ഉദ്യാനനഗരത്തിൽ കണ്ണീർ വീഴ്ത്തി. ആർ.സി.ബിയുടെ സ്വപ്നകിരീടനേട്ടത്തിൽ ആഹ്ലാദിച്ചവർ പരിഭ്രാന്തരായി ജീവനുംകൊണ്ട് ഓടുന്ന ദയനീയ കാഴ്ച. വിക്ടറി പരേഡ് റദ്ദാക്കിയെങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടികൾ മാറ്റിവെച്ചില്ല. പക്ഷേ, നേരത്തേ അവസാനിപ്പിച്ചു.
രാവിലെ 10നു ശേഷം അഹ്മദാബാദ് വിമാനത്താവളത്തിൽനിന്നാണ് രജത് പാട്ടിദാറും സംഘവും ബംഗളൂരുവിലേക്ക് തിരിച്ചത്. ഉച്ചക്ക് ഒന്നരയോടെ ഇവർ കപ്പുമായി എച്ച്.എ.എൽ വിമാനത്താവളത്തിൽ പറന്നിറങ്ങി. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകീട്ട് മൂന്നര മുതൽ ആറര വരെയാണ് വിധാൻ സൗധയിൽനിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നത്. ഉച്ചയോടെതന്നെ സ്റ്റേഡിയവും പരിസരവും തിരക്കിലമർന്നിരുന്നു. വിധാൻ സൗധയിലെത്തി ഗവർണർ തവാർ ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ശിവകുമാർ എന്നിവരെ സന്ദർശിച്ച താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തു.
കിരീടവുമായി തുറന്ന വാഹനത്തിലെത്തുന്ന താരങ്ങളെ കാത്ത് റോഡരികിലും കെട്ടിടങ്ങൾക്കു മുകളിലും തടിച്ചുകൂടിയവർ നിരാശരായി. ടീം ബസിലെത്തിയ താരങ്ങൾ കിരീടം സ്റ്റേഡിയത്തിനകത്ത് ആർത്തിരമ്പിയ ആരാധകർക്ക് പ്രദർശിപ്പിച്ചു. അതിനു മുമ്പ് സൂപ്പർ താരം വിരാട് കോഹ്ലിയും നായകൻ പാട്ടിദാറുമെല്ലാം ആരാധകരെ അഭിസംബോധന ചെയ്തു. ‘‘എനിക്ക് അധികം സമയമില്ല. നമുക്ക് ഇത് അവസാനിപ്പിച്ച് ട്രോഫി കാണിക്കണം. അതുകൊണ്ട് ദയവായി എന്നെ സംസാരിക്കാൻ അനുവദിക്കൂ. ട്രോഫി നേടിയ ശേഷം നമ്മുടെ ക്യാപ്റ്റൻ പറഞ്ഞത് ആവർത്തിച്ചുകൊണ്ട് ഞാൻ ആരംഭിക്കാം. ഈ വർഷം കപ്പ് നമുക്ക് (ഈ സാല കപ്പ് നംദേ), എന്നല്ല, ഈ വർഷം കപ്പ് നമ്മുടേതായി (ഈ സാല കപ്പ് നംദു)’’-കോഹ്ലിയുടെ വാക്കുകൾ.
ഹേർട്ട് ഓഫ് ഒയാക് x അസാന്റെ കൊട്ടോകോ ഫുട്ബാൾ മത്സരം
ഹേർട്ട് ഓഫ് ഒയാക് വിജയിച്ച ശേഷം ആഘോഷം നടക്കുമ്പോൾ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, തിക്കിലും തിരക്കിലും 126 പേർ മരിച്ചു
ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ഫുട്ബാളിൽ അൽ അഹ്ലി ക്ലബിനെ 3-1ന് കീഴടക്കിയ അൽ മസ്റി ക്ലബിന്റെ ആരാധാകരുടെ വിജയാഘോഷം അതിരുകടന്നു. തിരക്കിൽ 74 പേർ മരിച്ചു, 500ലേറെ പേർക്ക് പരിക്ക്
അർജന്റീന ലീഗ് ഫുട്ബാളിൽ ബൊക്ക ജൂനിയേഴ്സിന്റെ വിജയാഘോഷത്തിനിടെ ബസിന് മുകളിൽനിന്ന് വീണ് രണ്ടുപേർ മരിച്ചു
സർവകലാശാല ബാസ്കറ്റ്ബാൾ കിരീടം നേടിയ കോളജിന്റെ വിജയാഘോഷത്തിനിടെ ആരോ ‘ബോംബ്’ എന്ന് വിളിച്ചുപറഞ്ഞപ്പോൾ തിരക്കിൽ പെട്ട് ഏഴ് വിദ്യാർഥികൾ മരിച്ചു
ലീഗ് കപ്പ് കിരീടം നേടിയ ഊവാകം എഫ്.സിയുടെ വിജയാഘോഷത്തിനിടെ മതിൽ തകർന്ന് എട്ടുപേർ മരിച്ചു
അമേരിക്കൻ ഫുട്ബാൾ ലീഗിൽ (സൂപ്പർ ബൗൾ) കാൻസാസ് സിറ്റി ചീഫ് ക്ലബിന്റെ വിജയാഘോഷത്തിനിടെ വെടിയുതിർത്ത് ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.