ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ പാക് താരം അബ്റാർ അഹമ്മദിന്റെ പന്തിനെ അഭിനന്ദിച്ച് മുൻ താരം വസീം ആക്രം. എന്നാൽ, ഗില്ലിന്റെ വിക്കറ്റ് നേടിയതിന് ശേഷമുള്ള അബ്റാറിന്റെ ആഘോഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്യുകയാണ് അക്രം.
പാകിസ്താൻ ഉയർത്തിയ 241 റൺസ് പിന്തുടരുന്നതിനിടയിൽ അബ്റാർ മാത്രമാണ് ഇന്ത്യക്ക് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്തിയത്. ശുഭ്മാൻ ഗില്ലിനെ പുറത്താക്കിയ അബ്റാർ വിരട് കോഹ്‍ലി വൻതോതിൽ റണ്ണെടുക്കുന്നതും തടഞ്ഞു. എന്നാൽ, മത്സരത്തിൽ ഗില്ലിന്റെ വിക്കറ്റ് നേടിയതിന് ശേഷമുള്ള അബ്റാറിന്റെ ആഘോഷം അതിരുവിട്ടുവെന്നാണ് പാക് താരങ്ങളുൾപ്പടെ ഒരുപോലെ പറയുന്നത്.
അബ്റാറിന്റെ പന്ത് മനോഹരമായിരുന്നു. അതിൽ എനിക്ക് അയാളോട് മതിപ്പുണ്ട്. എന്നാൽ വിക്കറ്റ് വീണതിന് ശേഷമുള്ള അബ്റാറിന്റെ ആഘോഷത്തോട് ഒട്ടും യോജിപ്പില്ലെന്ന് വസീം അക്രം സ്പോർട്സ് സെൻട്രലിനോട് പറഞ്ഞു.
അബ്റാറിനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാൻ ആരുമില്ലേ ?. സാഹചര്യങ്ങൾ നോക്കു; ഇത് ആഘോഷിക്കാനുള്ള സമയമായിരുന്നോ, പാകിസ്താൻ തോൽവി മുന്നിൽ കാണുകയാണ്. ഈയൊരു സാഹചര്യത്തിലാണോ ഇത്തരത്തിൽ ആഘോഷിക്കേണ്ടതെന്ന് വസീം അക്രം പറഞ്ഞു. അഞ്ച് വിക്കറ്റ് നേടിയ പോലെയായിരുന്നു അബ്റാറിന്റെ ആഘോഷം. ഇത് എല്ലാത്തിനേയും ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായിരുന്നു. സൗദ് ഷക്കീൽ (62), മുഹമ്മദ് റിസ്വാൻ (46) എന്നിവർ മാത്രമാണ് പാകിസ്താൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിങ്ങിൽ കോഹ്ലിയുടെ (100*) അപരാജിത സെഞ്ച്വറിയുടെ കരുത്തിൽ ആറ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശ്രേയസ് അയ്യർ (56) അർധ സെഞ്ച്വറി സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.