'ഒരു ടൂർണമെന്‍റിനിടയിൽ ഇങ്ങനെ പറയുന്നത് നിർഭാഗ്യകരമാണ്, കളിക്കാരുടെ മനോവീര്യം കളയും'; ഷമക്കെതിരെ ബി.സി.സി.ഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഓപ്പണിങ് ബാറ്ററുമായ രോഹിത് ശർമക്ക് എതിരെ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ പ്രസ്താവനക്ക് പ്രതികരണവുമായി ബി.സി.സി.ഐ സെക്രട്ടറി ദേവജിത്ത് സൈകിയ. ഐ.സി.സി ടൂർണമെന്‍റ് നടക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രസ്താനവകൾ ടീമിന്‍റെയും കളിക്കാരന്‍റെയും മനോവീര്യം തകർത്തേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

'ഒരു ഉത്തരവാദിത്തമുള്ള ആളുടെ വായിൽ നിന്നും ഇത്തരത്തിലുള്ള വാക്കുകൾ വരുന്നത് നിർഭാഗ്യകരമാണ്. അതും ഒരു ഐ.സി.സി ടൂർണമെന്‍റിനിടയിൽ. ഇത് ചിലപ്പോൾ ടീമിനെയും കളിക്കാരനയും മോശമായി ബാധിച്ചേക്കാം. എല്ലാ താരങ്ങളും അവരുടെ കഴിവിന്‍റെ പരമാവധി നല്കിയാണ് കളിക്കുന്നത്. അതിന്‍റെ റിസൽട്ടും ലഭിക്കുന്നുണ്ട്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വ്യക്തികൾ വിട്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സൈകിയ പറഞ്ഞു.

ഒരു കായികതാരമെന്ന നിലയിൽ രോഹിത് ശർമ തടിച്ചിട്ടാണ് ശരീരഭാരം കുറക്കണമെന്നായിരുന്നു ഷമ ഡിലീറ്റ് ചെയ്ത എക്സ് പോസ്റ്റിൽ കുറിച്ചത്. ഇത് കൂടാതെ ഇന്ത്യ കണ്ട എക്കാലത്തേയും മോശം ക്യാപ്റ്റനാണ് രോഹിത്തെന്നും അവർ കുറിച്ചു. പിന്നാലെ ഇതിന് മറുപടിയുമായി ഇന്ത്യൻ ആരാധകരും ബി.ജെ.പി വക്താക്കളുമെത്തി. ഇതോടെയാണ് ഷമ പോസ്റ്റ് കളഞ്ഞത്. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസറ്റെന്നും, ബോഡി ഷെയ്മിങ് ചെയ്യാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷമ പറഞ്ഞു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, രോഹിത് അൽപം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നത്, മറ്റു ക്യാപ്റ്റൻമാരുമായി താരതമ്യപ്പെടുത്തുന്നത് ജനാധിപത്യമാണെന്നും വിവാദമായതിന് ശേഷം ഷമ പറഞ്ഞു.

News Summary - BCCI Blasts Shama Mohamed For Fat-Shaming Rohit Sharma Ahead Of CT 2025 Semi-Final Says Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.