മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ താരങ്ങൾക്കൊപ്പം ഭാര്യയെയും കുടുംബാംഗങ്ങളെ വിലക്കിയ നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് ബി.സി.സി.ഐ. ആസ്ട്രേലിയക്കെതിരെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് പുതിയ മാര്‍ഗരേഖ കൊണ്ടുവന്നത്.
ഇതുപ്രകാരം വിദേശ പര്യടനം 45 ദിവസത്തിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ജീവിത പങ്കാളികളെയും പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളെയും കൊണ്ടുവരാനായിരുന്നു അനുമതി. അതും പരമാവധി രണ്ടാഴ്ച മാത്രം. ചാമ്പ്യൻസ് ട്രോഫി ഒരു മാസത്തിനു മുമ്പേ തീരുമെന്നതിനാൽ കുടുംബാംഗങ്ങൾ ഇല്ലാതെ താരങ്ങളും പരിശീലക സംഘവും മാത്രമാണ് ദുബൈയിലെത്തിയത്. എന്നാൽ, താരങ്ങൾക്ക് ഭാര്യമാരെയും കുടുംബങ്ങളെയും ചാമ്പ്യൻസ് ട്രോഫിക്ക് കൊണ്ടുപോകാൻ ബി.സി.സി.ഐ അനുമതി നൽകിയതായാണ് വിവരം.
ഒരു വ്യവസ്ഥയോടെ മാത്രം. ടൂർണമെന്‍റിലെ ഏതെങ്കിലും ഒരു മത്സരത്തിനു മാത്രമേ കുടുംബാംഗങ്ങളെ കൊണ്ടുപോകാനുള്ള അനുമതിയുള്ളു. അതും മുൻകൂട്ടി ബി.സി.സി.ഐയുടെ അനുമതി വാങ്ങിയശേഷം മാത്രം. കുടുംബാംഗങ്ങളുടെ യാത്രക്കുള്ള ചെലവ് ബി.സി.സി.ഐ വഹിക്കും. പത്ത് നിർദേശങ്ങളടങ്ങിയ മാർഗ രേഖയാണ് ബി.സി.സി.ഐ അടുത്തിടെ പുറത്തിറക്കിയത്.
പര്യടനങ്ങളുടെ സമയത്ത് മത്സരങ്ങള്‍ക്കും പരിശീലനത്തിനും പോകുമ്പോള്‍ താരങ്ങൾ ടീമിനുമൊപ്പം യാത്ര ചെയ്യണം. അച്ചടക്കം ഉറപ്പാക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള യാത്രക്ക് വിലക്കുണ്ട്. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യണമെങ്കില്‍ മുഖ്യപരിശീലകന്റെയോ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെയോ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.
ബുധനാഴ്ച ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാകിസ്താൻ ന്യൂസിലാന്‍ഡിനെ നേരിടും. 20ന് ദുബൈയില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യമത്സരം. 23നാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യയുടെ ആവശ്യപ്രകാരം മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റിയത്.
രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും. ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാല്‍ മത്സരം ദുബൈയിലാകും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.