‘ഇവിടെ അവസാനിപ്പിക്കുന്നു’; നിറകണ്ണുകളോടെ തമീം ഇഖ്ബാലിന്‍റെ വിരമിക്കൽ പ്രഖ്യാപനം; ഞെട്ടി ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കി നിൽക്കെയാണ് താരത്തിന്‍റെ അപ്രതീക്ഷിത രാജി. വ്യാഴാഴ്ച ചാറ്റോഗ്രാമില്‍ വാര്‍ത്തസമ്മേളനത്തിൽ രാജി പ്രഖ്യാപിക്കുമ്പോൾ താരത്തിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല.

16 വര്‍ഷം നീണ്ട കരിയറിനാണ് ലെഫ്റ്റ് ഹാൻഡ് ബാറ്റർ വിരാമമിടുന്നത്. പരിക്കിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം താരത്തിന് നഷ്ടമായിരുന്നു. എന്നാൽ, മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ താരം മടങ്ങിയെത്തി. ബുധനാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ അപ്രതീക്ഷിത തോല്‍വി നേരിട്ടതിനു പിന്നാലെയാണ് തമീം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ചാറ്റോഗ്രാമില്‍ നടന്ന മത്സരത്തിൽ 21 പന്തിൽ 13 റൺസാണ് താരം നേടിയത്. ബംഗ്ലാദേശിനായി കളിക്കാൻ അവസരം നൽകിയതിന് ടീമംഗങ്ങൾക്കും ബി.സി.ബി അധികൃതർക്കും കുടുംബത്തിനും താരം നന്ദി പറഞ്ഞു. തന്റെ ജീവിതത്തിന്റെ അടുത്ത അധ്യായം നന്നായി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.

‘ഇവിടെ അവസാനിപ്പിക്കുന്നു. ഏറ്റവും മികച്ചത് നൽകാനായി. ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ നിമിഷം മുതൽ ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. എന്റെ എല്ലാ ടീമംഗങ്ങൾക്കും പരിശീലകർക്കും ബി.സി.ബി അധികൃതർക്കും കുടുംബാംഗങ്ങൾക്കും നീണ്ട യാത്രയിൽ എന്നോടൊപ്പം കൂടെയുണ്ടായിരുന്നവർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ആരാധകരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിനായി നിങ്ങളുടെ പ്രാർഥനയുണ്ടാകണം’ -താരം വാർത്തസമ്മേളനത്തിൽ നിറകണ്ണുകളോടെ പറഞ്ഞു.

2007ലാണ് തമീം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത മത്സരത്തില്‍ ബംഗ്ലാദേശിനായി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 241 ഏകദിനങ്ങളില്‍നിന്ന് 14 സെഞ്ച്വറിയും 56 അര്‍ധ സെഞ്ച്വറിയുമടക്കം 8313 റണ്‍സ് നേടിയിട്ടുണ്ട്.

ഏകദിനത്തിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരമാണ്. 70 ടെസ്റ്റുകള്‍ കളിച്ച താരം 10 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയുമടക്കം 5134 റണ്‍സ് നേടി. 78 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് നേടിയത് 1758 റണ്‍സും. ട്വന്‍റി20 ക്രിക്കറ്റിൽനിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു.

Tags:    
News Summary - Bangladesh ODI Captain Tamim Iqbal Breaks Down As He Retires With Immediate Effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.