ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന താരമായി മാറി മുൻ പാകിസ്താൻ നായകൻ ബാബർ അസം. മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയോടൊപ്പമാണ് അദ്ദേഹം ഈ റെക്കോഡ് പങ്കിട്ടത്. നിലവിൽ പാകിസ്താൻ-ന്യൂസിലാൻഡ്-ദക്ഷിണാഫ്രിക്ക എന്നിവർ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ബാബറിന്‍റെ നാഴികകല്ല് നേട്ടം. 123 ഇന്നിങ്സിൽ നിന്നുമാണ് ബാബർ അസം 6,000 ഏകദിന റൺസിലെത്തിയത്. ഹാഷിം അംലയും ഇത്രയും ഇന്നിങ്സിൽ നിന്നുമാണ് ഇത്രയും റൺസ് നേടിയത്.
ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ 10 റൺസ് നേടിയപ്പോൾ തന്നെ ബാബർ ഈ നേട്ടത്തിലെത്തി. നാഴികകല്ല് സ്വന്തമാക്കിയെങ്കിലും താരത്തിന് ഫോമിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല. ത്രിരാഷ്ട്ര ഫൈനലിൽ ന്യൂസിലാൻഡിനോട് പാകിസ്താൻ അഞ്ച് വിക്കറ്റിന് തോറ്റപ്പോൾ ബാബറിന് 29 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നാല് ഫോറും ഒരു സിക്സറും താരത്തിന്‍റെ ഇന്നിങ്സിലുണ്ടായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.3 ഓവറിൽ 242 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 45.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്ത് ന്യൂസിലാൻഡ് പാകിസ്താന്‍റെ റൺനിരക്ക് കുറച്ചു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാൻ 46 റൺസെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി. സൽമാൻ അലി ആഗ 45 റൺസ് സ്വന്തമാക്കി. തയ്യാബ് താഹിർ 38, ഫഹീം അഷറഫ് 22 എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു. ന്യൂസിലാൻഡിനായി വിൽ ഒ റൂക്ക് നാല് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് നിരയിൽ എല്ലാവരും അവസരൊത്തിനൊത്തുയർന്നപ്പോൾ ഭേദപ്പെട്ട വിജയം അനായസമായി. 57 റൺസെടുത്ത ഡാരൽ മിച്ചൽ ടോപ് സ്കോററായി മാറി. ടോം ലഥാം 56 റൺസും ഡെവോൺ കോൺവേ 48 റൺസും കെയ്ൻ വില്യംസൺ 34 റൺസും അടിച്ചെടുത്തു. ഗ്ലെൻ ഫിലിപ്സ് 20 റൺസുമായി പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.