എന്നെ 'കിങ്' എന്ന് വിളിക്കാതിരിക്കൂ, ഞാൻ രാജാവല്ല- ബാബർ അസം

തന്നെ 'കിങ്' എന്ന് വിളിക്കരുതെന്ന് പാകിസ്താൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ നായകൻ ബാബർ അസം. താൻ രാജാവല്ലെന്നും അങ്ങനെ വിളിക്കരുതെന്നും ബാബർ മാധ്യമങ്ങളോടായി പറഞ്ഞു. പാകിസ്താന് വേണ്ടി എല്ലാ ഫോർമാറ്റിലും റൺസ് വാരിക്കൂട്ടുന്ന താരമാണ് ബാബർ. എന്നാൽ താൻ ഇതുവരെ 'കിങ്' ആകാൻ എത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

'എന്നെ കിങ് എന്ന് വിളിക്കുന്നത് നിർത്തണം. ഞാൻ രാജാവല്ല, ഇതുവരെ അവിടം വരെ എത്തിയിട്ടില്ല. എനിക്ക് പുതിയ ജോലികളുണ്ട്. ഞാൻ മുമ്പ് ചെയ്തതതൊക്കെ പഴയ കാര്യമാണ്. എല്ലാ മത്സരവും ഒരു പുതിയ വെല്ലുവിളിയാണ്. ഇക്കാരണം കൊണ്ട് ഞാൻ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതിനും ഭാവിയിലേക്കും ശ്രദ്ധ നൽകണം,' ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആറ് വിക്കറ്റ് വിജയത്തിന് ശേഷം ബാബർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പാകിസ്താൻ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും ബാബറിന് തിളങ്ങാൻ സാധിച്ചില്ല. ത്രി രാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ പത്ത് റൺസ് മാത്രമാണ് താരത്തിന് കണ്ടെത്താൻ സാധിച്ചത്. ഈ മോശം ഫോം തുടരുന്നതുകൊണ്ടാണ് തന്നെ രാജാവ് എന്ന് വിളിക്കരുതെന്ന് ബാബർ പറയുന്നത്.

പാകിസ്താന് വേണ്ടി ഇതുവരെ 59 ടെസ്റ്റ് മത്സരത്തിൽ നിന്നും 4235 റൺസും 125 ഏകദിനത്തിൽ നിന്നും 5990 റൺസും 128 ട്വന്‍റി-20യിൽ നിന്നും 4223 റൺസും ബാബർ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഈ മാസം 19ന് പാകിസ്താനിലാണ് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. 2017ന് ശേഷം ആദ്യ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ തന്നെയാണ് നിലവിലെ ചാമ്പ്യൻമാർ. 2017ൽ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്താൻ കിരീടമുയർത്തിയത്.

Tags:    
News Summary - Babar Azam ask reporters to not to call him king

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.