ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം

ദുബൈ: അടികൾ പലവിധമുണ്ട്. സ്റ്റേഡിയത്തിലടി, ഗാലറിയിലടി, സ്റ്റമ്പിനടി, ലോങ് ഓണിന് മുകളിലൂടെ സിക്സറടി... എന്നാൽ, ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച കണ്ടത് അറഞ്ചം പുറഞ്ചം അടിയായിരുന്നു. പാകിസ്താന്‍റെ മറുപടി ബാറ്റിങ്ങിൽ കണ്ടത് ഇതിന്‍റെയെല്ലാം തിരിച്ചടി. ​

നാലാം പന്തിൽ രോഹിത് ശർമ തുടക്കമിട്ട അടി അവസാന ഓവറിൽ പാകിസ്താന്‍റെ ഖുഷ്ദിൽ ഷാ വരെ ഏറ്റെടുത്തതോടെ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയ ലക്ഷ്യം മുഹമ്മദ് റിസ്‍വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 41) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിൽ പാകിസ്താൻ ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തു. സ്കോർ: ഇന്ത്യ-181/7. പാകിസ്താൻ: 182/5 (19.5). ഇന്ത്യക്കായി വിരാട് കോഹ്ലി (44 പന്തിൽ 60), രോഹിത് ശർമ (16 പന്തിൽ 28), ലോകേഷ് രാഹുൽ (20 പന്തിൽ 28) എന്നിവർ മികച്ച ബാറ്റിങ് കെട്ടഴിച്ചു.

ടോസ് നിർണായകമായ ദുബൈയിലെ മൈതാനത്ത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവർ മുതൽ നയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച നസീം ഷായെ തിരഞ്ഞുപിടിച്ച് തല്ലിയാണ് രോഹിതും രാഹുലും തുടങ്ങിയത്. ആദ്യ ഓവറിലെ നാലാം പന്തിൽ ഫോറും അവസാന ബാളിൽ സിക്സും പറത്തി നായകൻ രോഹിത് ശർമ വഴികാണിച്ചു. പവർപ്ലേ പിന്നിട്ടപ്പോൾ ഇന്ത്യ 62 റൺസിലെത്തി. ഇതിനിടെ ഖുഷ്ദിൽ ഷായുടെ മികച്ചൊരു കാച്ചിൽ രോഹിത് മടങ്ങി. തൊട്ടടുത്ത ഓവറിൽ ലോകേഷ് രാഹുലിനെ ഷദാബ് ഖാൻ കുടുക്കി. ഓപണർമാർ പുറത്തായതോടെ ഇന്ത്യ പരുങ്ങുമെന്ന് തോന്നിയെങ്കിലും പിന്നീടെത്തിയ വിരാട് കോഹ്ലി ഉത്തരവാദിത്തത്തോടെ ബാറ്റേന്തി.

വെടിക്കെട്ട് വീരന്മാരായ സൂര്യകുമാർ യാദവിനും (10 പന്തിൽ 13) ഋഷഭ് പന്തിനും (12 പന്തിൽ 14) ഹർദിക് പാണ്ഡ്യക്കും (രണ്ട് പന്തിൽ പൂജ്യം) കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ നാലാം ഓവറിൽ തന്നെ നായകൻ ബാബർ അസം (14) പുറത്തായി. എന്നാൽ, പരിക്കിനെ അവഗണിച്ച് റിസ്‍വാൻ ഒരറ്റത്ത് നിലയുറപ്പിച്ചു. പ്രൊമോഷൻ കിട്ടി ഇറങ്ങിയ എട്ടാം നമ്പർ ബാറ്റ്സ്മാൻ മുഹമ്മദ് നവാസ് അഴിഞ്ഞാടി. ഇരുവരും പുറത്തായശേഷം ക്രീസിലെത്തിയ ഖുഷ്ദിൽ ഷായും (11 പന്തിൽ 14) ആസിഫ് അലിയും (എട്ട് പന്തിൽ 16) പാകിസ്താനെ മുന്നോട്ട് നയിച്ചു.

അവസാന ഓവറിൽ ഏഴ് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അർഷ്ദീപ് എറിഞ്ഞ രണ്ടാം പന്തിൽ ബൗണ്ടറിയടിച്ച ആസിഫ് അലി നാലാം ബോളിൽ ഔട്ടായതോടെ പാകിസ്താൻ വീണ്ടും സമ്മർദത്തിലായി. എന്നാൽ, പുതിയ ബാറ്റ്സ്മാൻ ഇഫ്തിഖാർ പാകിസ്താനെ വിജയത്തിലെത്തിക്കുകയായിരുന്നു. 

Tags:    
News Summary - Asia Cup: Pakistan win by five wickets against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.