ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരായ യു.എ.ഇയെ ബാറ്റിങ്ങിന് വിട്ടു. കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാണ് സൂര്യകുമാർ യാദവും സംഘവും തങ്ങളുടെ ആദ്യ മത്സരത്തിന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.
മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലുണ്ട്. വിക്കറ്റ് കീപ്പറായ സഞ്ജു മധ്യനിരയിലാകും ബാറ്റിങ്ങിന് ഇറങ്ങുക. ഉപനായകന്റെ അധിക ചുമതലയോടെ ട്വന്റി20 സംഘത്തിൽ തിരിച്ചെത്തിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്നിങ്സ് ഓപൺ ചെയ്യും. ഗില്ലിന്‍റെ വരവോടെ സഞ്ജു ബെഞ്ചിലിരിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകർ. സ്പെഷലിസ്റ്റ് സ്പിന്നർമാരായി അക്സർ പട്ടേലും വരുൺ ചക്രവർത്തിയും കുൽദീപ് യാദവും ടീമിലെത്തി. പേസറായി ജസ്പീത് ബുംറയുണ്ട്.
ഓൾ റൗണ്ടറായി ഹാർദിക് പാണ്ഡ്യ ടീമിലെത്തി. ഇന്ത്യയുടെ ട്വന്‍റി20 വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിങ്ങിനെ പുറത്തിരുത്തിയാണ് മൂന്നു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയത്. തുടർച്ചയായി 15 മത്സരങ്ങൾക്കുശേഷമാണ് ഇന്ത്യയെ ടോസ് ഭാഗ്യം തുണക്കുന്നത്. സൂര്യകുമാർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇക്കെതിരെ ഇതുവരെ മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മത്സരവുമാണ് ഇന്ത്യ കളിച്ചത്. നാലിലും ജയിച്ചു. 2016ൽ ബംഗ്ലാദേശിലെ മിർപുരിൽ നടന്ന ഏഷ്യ കപ്പ് മത്സരമാണ് ഏക ട്വന്റി20. അന്ന് ഒമ്പത് വിക്കറ്റിനായിരുന്നു രോഹിത് ശർമ നയിച്ച ടീമിന്റെ വിജയം. മുൻ ഇന്ത്യൻ താരമായ ലാൽചന്ദ് രജ്പുത് പരിശീലിപ്പിക്കുന്ന യു.എ.ഇ സംഘത്തിൽ ചില മികച്ച താരങ്ങളുണ്ട്.
ഓപണിങ് ബാറ്ററായ മുഹമ്മദ് വസീമാണ് ക്യാപ്റ്റൻ. ഏഷ്യ കപ്പ് മുന്നൊരുക്കമെന്നോണം ഇയ്യിടെ ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ജയിക്കാനായില്ലെങ്കിലും പാകിസ്താനും അഫ്ഗാനിസ്താനുമെതിരെ ശ്രദ്ധേയ പ്രകടനമാണ് യു.എ.ഇ നടത്തിയത്. ഗ്രൂപ് എയിലാണ് ഇന്ത്യയും യു.എ.ഇയും. മറ്റ് ടീമുകളായ പാകിസ്താനെ സെപ്റ്റംബർ 14നും ഒമാനെ 19നും മെൻ ഇൻ ബ്ലൂ നേരിടും.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്
യു.എ.ഇ ടീം: മുഹമ്മദ് വസീം (ക്യാപ്റ്റൻ) മുഹമ്മദ് സുഹൈബ്, ആസിഫ് ഖാൻ, അലിഷാൻ ഷറഫു, രാഹുൽ ചോപ്ര, ധ്രുവ് പരാശർ, ഹർഷിത് കൗശിക്, ഹൈദർ അലി, റോഹിദ് ഖാൻ, ജുനൈദ് സിദ്ദീഖ്, സിമ്രാൻജീത് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.