ദുബൈ: ഇന്റർനാഷണൽ ലീഗ് ട്വന്റി20 (ഐ.എൽ.ടി20) ലേലത്തിൽ ഇന്ത്യയുടെ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിന് ആവശ്യക്കാരുണ്ടായില്ല. 120,000 യു.എസ് ഡോളറെന്ന ആറ് അക്ക അടിസ്ഥാന വിലയുള്ള ഏക കളിക്കാരനായ അശ്വിനെ ലേലത്തിൽ പങ്കെടുത്ത ഫ്രാഞ്ചൈസികളൊന്നും വാങ്ങാൻ തയാറായില്ല.
ഒരോ ടീമിനും 800,000 ഡോളർ ലേലത്തിനായി അനുവദിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നറെ അടിസ്ഥാന വിലക്ക് പോലും സ്വന്തമാക്കിയില്ല.
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച 39കാരനായ അശ്വിൻ കഴിഞ്ഞയാഴ്ച ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ടീമായ സിഡ്‌നി തണ്ടറുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ബി.ബി.എല്ലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററായിരുന്നു അശ്വിൻ. എന്നാൽ, ഐ.എൽ.ടി20യിൽ നിന്ന് തഴയപ്പെട്ടത് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തികിനെ ഷാർജ വാരിയേഴ്സ് സ്വന്തമാക്കി. ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കുശാൽ മെൻഡിസിന് പകരക്കാരനായാണ് ദിനേശ് കാർത്തിക് എത്തുന്നത്.
2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കാർത്തിക് അബുദാബി ടി 10 ൽ ബംഗ്ലാ ടൈഗേഴ്‌സിന്റെയും ലെജൻഡ്‌സ് ലീഗിൽ സതേൺ സൂപ്പർസ്റ്റാറുകളുടെയും, 2025 എസ്.എ 20 ൽ പാൾ റോയൽസിന്റെയും ഭാഗമായിരുന്നു കാർത്തിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.