കപിലിനെ മറികടന്ന് അശ്വിൻ; ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരൻ

മൊഹാലി: ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഇതിഹാസ താരം കപിൽ ദേവിനെ (434 ​വിക്കറ്റ്) മറികടന്ന് അശ്വിൻ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി. 132 മത്സരങ്ങളിൽ നിന്ന് 619 വിക്കറ്റ് വീഴ്ത്തിയ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയാണ് പട്ടികയിൽ ഒന്നാമൻ.

430 വിക്കറ്റുമായി മൊഹാലിയിലെത്തിയ തമിഴ്നാട്ടുകാരൻ ആദ്യ ഇന്നിങ്സിൽ രണ്ടും അവസാന ഇന്നിങ്സിൽ നാലും വിക്കറ്റ് വീഴ്ത്തി. ലങ്കയുടെ രണ്ടാം ഇന്നിങ്സിൽ ചരിത് അസലങ്കയെ വീഴ്ത്തിയാണ് അശ്വിൻ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. പതും നിസങ്കയെ വീഴ്ത്തി കപിലിനൊപ്പമെത്തിയ അശ്വിൻ ശേഷം രണ്ടുവിക്കറ്റ് കൂടി വീഴ്ത്തി. 131 ടെസ്റ്റിലാണ് കപിൽ നേട്ടത്തിലെത്തിയതെങ്കിൽ അശ്വിന് വെറും 85 മത്സരങ്ങൾ മാത്രമാണ് വേണ്ടിവന്നത്.

നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒമ്പതാമനാണ് അശ്വിൻ. 439 വിക്കറ്റുകളുള്ള ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനാണ് ഇനി അശ്വിന് മുമ്പിലുള്ളത്. കുംബ്ലെ, അശ്വിൻ, കപിൽ ദേവ്, ഹർഭജൻ സിങ് എന്നീ ബൗളർമാർ മാത്രമാണ് ഇന്ത്യക്കായി ടെസ്റ്റിൽ 400ന് മുകളിൽ വിക്കറ്റ് വീഴ്ത്തിയത്.

ഇന്ത്യക്ക് ഇന്നിങ്സ് ജയം

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വമ്പൻ വിജയം. രണ്ട് ദിവസം ബാക്കി നിൽക്കേയാണ് ഇന്നിങ്സിനും 222 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. ടെസ്റ്റ് നായകനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ ടീമിനെ മിന്നും ജയത്തിലെത്തിക്കാൻ രോഹിത് ശർമക്കായി. ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. മാർച്ച് 12 മുതൽ പകൽ-രാത്രിയായി ബംഗളൂരുവിൽ വെച്ചാണ് അവസാന ടെസ്റ്റ്.

ഫോളോ ഓണിന് അയക്കപ്പെട്ട് 400 റൺസ് കടവുമായിറങ്ങിയ ലങ്കക്ക് രണ്ടാം ഇന്നിങ്സിൽ 178 റൺസ് മാത്രമാണ് ചേർക്കാനായത്. നാലുവിക്കറ്റ് വീതം വീഴ്ത്തിയ ആർ. അശ്വിനും രവീന്ദ്ര ജദേജയുമാണ് ലങ്കയെ ചുരുട്ടിക്കൂട്ടിയത്. പുറത്താകാതെ 175 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലാകുകയും രണ്ട് ഇന്നിങ്സുകളിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ജദേജയാണ് കളിയിലെ താരം.  

Tags:    
News Summary - Ashwin goes past Kapil Dev's 434 wickets, becomes India's second highest wicket-taker in Tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.