ലണ്ടൻ: കളിച്ച കാലത്തും കളി നിർത്തിയപ്പോഴും വിവാദങ്ങളുടെ കൂട്ടുകാരാനാണ് കെവിൻ പീറ്റേഴ്സൺ. ക്രീസിലും പുറത്തും കളിയും പെരുമാറ്റവും വാക്കുകളും കൊണ്ട് ഇടക്കിടെ വിവാദ സിക്സറുകൾ പറത്തിയ കെവിൻ പീറ്റേഴ്സൺ ഇപ്പോൾ പുതിയൊരു വിവാദത്തിനാണ് തിരികൊളുത്തിയത്. അതാവട്ടെ, നാട്ടുകാരനായ ജോ റൂട്ട് റൺ വേട്ടയിൽ പുതിയ റെക്കോഡിലേക്ക് അതിവേഗം കുതിക്കുന്നതിനിടെ.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ എന്ന സചിൻ ടെണ്ടുൽകറുടെ 15921 റൺസ് എന്ന റെക്കോഡ് പിന്തുടരുന്ന ജോ റൂട്ടിനെ പരിഹസിച്ചുകൊണ്ടായിരുന്നു കെവിൻ പീറ്റേഴ്സന്റെ കമന്റ്.
20-25 വർഷം മുമ്പത്തേക്കാൾ ഇന്ന് ബാറ്റിങ് കൂടുതൽ എളുപ്പമാണ്. ഒരുപക്ഷേ, ഇപ്പോഴത്തേതിനേക്കാൾ രണ്ടു മടങ്ങ് കഠിനമായിരുന്നു അന്ന് ബാറ്റിങ്ങ് -എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ കെവിൻപീറ്റേഴ്സിൻ പറഞ്ഞു.
സച്ചിൻ ഉൾപ്പെടെയുള്ള തലമുറകൾ നേരിട്ട കരുത്തരായ ബൗളർമാരുടെ പേരുകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു മുൻ ഇംഗ്ലീഷ് ഓൾറൗണ്ടർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ‘ഞാൻ 22 ബൗളർമാരുടെ പേരുകൾ പറയാം. നിങ്ങൾക്ക് കഴിയുമെങ്കിൽ അവരുമായി കിടപിടിക്കുന്ന 10 പേരെങ്കിലും പറയൂ..’ -കെവിൻ പീറ്റേഴ്സൺ വെല്ലുവിളി നടത്തി.
തുറന്നുപറയുന്നതിൽ എന്നെ ചീത്തിവിളിക്കരുത് എന്ന മുഖവുരയോടെയാണ് 20-25 വർഷം മുമ്പത്തെ ബൗളർമാരുടെ തലമുറയുമായി ഇന്നത്തെ ക്രിക്കറ്റ് ലോകത്തെ പീറ്റേഴ്സൺ താരതമ്യം ചെയ്യുന്നത്.
‘20-25 വർഷം മുമ്പത്തേക്കാൾ ഇന്നത്തെ ബാറ്റിങ് കൂടുതൽ എളുപ്പമാണ്. വഖാർ യൂനിസ്, ശുഐബ് അക്തർ, വസിം അക്രം, സഖ്ലൈൻ മുഷ്താഖ്, അനിൽ കുംെബ്ല, ജവഗൽ ശ്രീനാഥ്, ഹർഭജൻ സിങ്, അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, ലാൻസ് ക്ലൂസ്നർ, ഡാരൻ ഗഫ്, െഗ്ലൻ മഗ്രാത്ത്, ബ്രെറ്റ് ലീ, ഷെയ്ൻ വോൺ, ഗില്ലസ്പി, ഷെയ്ൻ ബോണ്ട്, ഡാനിയേൽ വെറ്റോറി, ക്രിസ് കെയ്ൻസ്, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരൻ, കട്‍ലി ആംബ്രോസ്, കോട്നി വാൽഷ്...ഈ പട്ടിക നീണ്ടു പോകുന്നു.
ഞാൻ 22 ബൗളർമാരുടെ പേരുകൾ പറഞ്ഞു. ഇവരുമായി താരതമ്യപ്പെടുത്താൻ ശേഷിയുള്ള ഇക്കാലത്തെ 10 ബൗളർമാരുടെയെങ്കിലും പേരുകൾ നിങ്ങൾ പറയൂ...’ -ആരാധകരോടും ക്രിക്കറ്റ് ലോകത്തോടുമായി കെവിൻ പീറ്റേഴ്സൺ വെല്ലുവിളിയായി കുറിച്ചു.
ഇന്ത്യക്കെതിരായ ഓൾഡ്ട്രഫോഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 150 റൺസ് കുറിച്ചുകൊണ്ട് റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ്, ജാക് കാലിസ് എന്നിവരെ പിന്തള്ളി റൺവേട്ടയിൽ ജോ റൂട്ട് രണ്ടാം സ്ഥാനത്തെത്തിയതിനു പിന്നാലെയാണ് പീറ്റേഴ്സന്റെ കമന്റുകൾ. 13409 റൺസ് നേടിയ റൂട്ടിന് സചിനെ മറികടക്കണമെങ്കിൽ ഇനി 2500 റൺസിന്റെ ദൂരമുണ്ട്.
അതേസമയം, കെവിൻ പീറ്റേഴ്സന്റെ വെല്ലുവിളി ഏറ്റെടുത്ത് പുതിയ കാലത്തെ ബൗളർമാരുടെ പേരുകൾ എണ്ണി നിരവധി പേർ രംഗത്തുവന്നു. രാജ്യങ്ങളുടെ പട്ടിക തിരിച്ചും, മറ്റും നിരവധി താരങ്ങളുടെ പേരുകൾ പങ്കുവെച്ചായിരുന്നു ആരാധക പ്രതികരണം. ജസ്പ്രീത് ബുംറ, സ്റ്റാർക്, ഹേസൽവുഡ്, ജൊഫ്ര ആർചർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, സൗതി, കമ്മിൻസ് എന്നിങ്ങനെ നീണ്ടുപോകുന്ന ആരാധകരുടെ പട്ടിക. അതേസമയം, 25 വർഷം മുമ്പത്തെ പിച്ചുകൾ കൂടുതൽ ഫ്ലാറ്റുകളായിരുന്നുവെന്നും, ഇന്നത്തെ കാലത്ത് ബാറ്റ്സ്മൻമാർ കുടുതൽ ശേഷിയും ഹിറ്റിങ് പവറുമുള്ളവരാണെന്ന മറുപടിയുമായും ആരാധകർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.